സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം.

By: 600021 On: Jan 19, 2024, 6:57 AM

ആദ്യമായി ഒരു കേസിൽ പ്രതിയായി 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ശിക്ഷാകാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിന് മന്ത്രിസഭ അംഗീകാരം നൽകി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. സർക്കാർ നൽകുന്ന വിവിധ ഇളവ് കൂടാതെ ശിക്ഷയുടെ പകുതി അനുഭവിച്ചു കഴിഞ്ഞവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക.പത്തുവർഷം തടവിന് ശിക്ഷപ്പെട്ടയാൾക്ക് അഞ്ച് വർഷം തടവ് പൂർത്തിയാക്കി പുറത്തിറങ്ങാം. കടുത്ത മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിക്കുക. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ശിക്ഷയുടെ പകുതി പൂർത്തിയാക്കിവർക്കായിരിക്കും ഇളവ് ലഭിക്കുക. എന്നാൽ ലൈംഗിക അതിക്രമ കേസിലെയും ബലാത്സംഗം കേസിലെയും പ്രതികൾക്ക് ഇളവ് ലഭിക്കില്ല. പോക്സോ, രാജ്യദ്രോഹകുറ്റം, വിദേശികളായ തടവുകാർ, ആസിഡ് ആക്രമ കേസില്‍ ഉള്‍പ്പെട്ടവർ, ലഹരി-വ്യാജ കറൻസി കേസിൽ ഉള്‍പ്പെട്ടവർ, വാടക ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ടവർ, അഴിമതിക്കേസിൽ ശിക്ഷപ്പെട്ടവർ എന്നിവർക്കും ആനുകൂല്യമില്ല. പുതിയ മാനദണ്ഡപ്രകാരം ശിക്ഷ ഇളവിന് അർഹത നേടിയവരുടെ പട്ടിക തയ്യാറാക്കാൻ ജയിൽ മേധാവിയെ ചുമതലപ്പെടുത്തി. ജയിൽ മേധാവിയുടെ പട്ടിക സർക്കാർ പരിശോധിച്ച ശേഷം ഗവർണക്ക് കൈമാറും.