ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായ തോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ഓഫീസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗത വകുപ്പിൻ്റെ പ്രഥമ പരിഗണന എന്നും സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. എന്നാൽ കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ചിലവുകൾ ചുരുക്കാനും പാഴ്ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് സന്നദ്ധമാണ് എന്നും മന്ത്രി പറഞ്ഞു.