ആരോഗ്യ മേഖലയില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് ശസ്ത്രക്രിയകളും രോഗനിര്‍ണയവും നടത്താന്‍ അനുവാദം നല്‍കാനൊരുങ്ങി ഒന്റാരിയോ സര്‍ക്കാര്‍. ശസ്ത്രക്രിയകള്‍ നടത്താന്‍ ലാഭേച്ഛയുള്ളതും ലാഭേച്ഛയില്ലാത്തതുമായ ക്ലിനിക്കുകളെ അനുവദിക്കുന്നതിന് മെയ് മാസത്തില്‍ പാസാക്കിയ നിയമത്തെ കൂടുതല്‍ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്. ഇത്തരം ക്ലിനിക്കുകളില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിംഗ്(OHIP) പരിരക്ഷ ലഭിക്കും.
തിമിര ശസ്ത്രക്രിയകള്‍, എംആര്‍ഐ, സിടി സ്‌കാന്‍, മിനിമം ഇന്‍വേസീവ് ഗൈനക്കോളജിക്കല്‍ സര്‍ജറികള്‍, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ പ്രവിശ്യയില്‍ 900ത്തിലധികം സര്‍ജിക്കല്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി എത്ര പുതിയ ക്ലിനിക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.