4000 കോടിയുടെ പദ്ധതി, ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Jan 17, 2024, 6:28 PM

കൊച്ചിൻ ഷിപ്പ്യാർഡിലെ നാലായിരം കോടിയുടെ വികസന പദ്ധതികൾ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായെന്നും ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളതെന്നും രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പത്തുവർഷത്തിനിടെ രാജ്യം ഷിപ്പിങ്ങ് മേഖലയിൽ വൻ നേട്ടമുണ്ടാക്കിയതായും ചരക്കുകപ്പലുകൾക്ക് പോർട്ടിൽ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോക്കായി വെസ്സൽ നിർമിക്കുകയും മെട്രോ ബോട്ടുകൾ നിർമിക്കുകയും ചെയ്ത കൊച്ചി ഷിപ്യാർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ മറ്റു നഗരങ്ങൾക്കു വേണ്ടിയും ഷിപയാർഡ് മെട്രോ വെസലുകൾ നിർമ്മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കം 4000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയ മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.