പാർസൽ ഭക്ഷണ ലേബലുകൾ നിർബന്ധമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

By: 600021 On: Jan 17, 2024, 5:49 PM

പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ നിര്‍ബന്ധമാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജാഫര്‍ മാലിക്. ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ ലേബലില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശനമായ നിര്‍ദ്ദേശം. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ്. ഷവര്‍മ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതല്‍ അപകടം വരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു. കടകളില്‍ നിന്നും പാര്‍സലായി വില്‍പ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബല്‍ പതിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.