കോടികൾ മൂല്യമുള്ള 100 കിലോയോളം ആനക്കൊമ്പ്, കത്തിച്ച് കളയാൻ തീരുമാനം

By: 600021 On: Jan 17, 2024, 5:41 PM

വനം വകുപ്പിൻ്റെ വിവിധ ഗോഡൗണുകളിലെ സ്‌ട്രോങ് റുമുകളിൽ സുക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകൾ തീയിട്ട് നശിപ്പിക്കാൻ സർക്കാർ അംഗീകാരം നൽകി. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ ലേലം ചെയ്ത് വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് 100 കിലോയോളം കൊമ്പുകൾ നശിപ്പിക്കാൻ തീരുമാനമായത്.വന്യജീവികൾ ചത്തതിന് ശേഷം വനംവകുപ്പിൻ്റെ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുന്ന അവയുടെ കൊമ്പ്, തോൽ തുടങ്ങിയവ അന്താരാഷ്ട്ര വിപണയിൽ വൻ ഡിമാൻഡ് ഉള്ളതിനാൽ വലിയ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. കൂടാതെ ഇരുപത്തിനാല് മണിക്കൂറും കാവലും സുരക്ഷിതമായി സൂക്ഷിക്കാൻ വൻ ചിലവും ആൾബലവും ആവശ്യമാണ്. ഇക്കാര്യം പരിഗണിച്ചാണ് ഇവ നശിപ്പിച്ച് കളയാൻ വനം വകുപ്പ് തയാറെടുക്കുന്നത്. അതേസമയം,തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള അപേക്ഷ പ്രകാരം ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകൾ, ഇരുപത്തിമൂന്ന് ജോഡി മാൻകൊമ്പുകൾ, കൂടാതെ ഇരുപത് ജോഡി കാട്ടുപോത്തിന്റെ കൊമ്പുകൾ എന്നിവ കൈമാറാനും സർക്കാർ വനം വകുപ്പിന് അനുമതി നൽകി. പ്രദർശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുതെന്ന കർശന ഉപാധിയോടെയാണ് ഇവ കൈമാറുന്നത്.