എഡ്മന്റണില്‍ ഹൗസിംഗ് ആന്‍ഡ് ഹൗസ്‌ലെസ്‌നസ്സ് എമര്‍ജന്‍സി പ്രഖ്യാപനത്തിന് കൗണ്‍സിലര്‍മാര്‍ അംഗീകാരം നല്‍കി 

By: 600002 On: Jan 17, 2024, 1:53 PM

 

 

രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ ഹൗസിംഗ് ആന്‍ഡ് ഹോംലെസ്നസ് എമര്‍ജന്‍സി പ്രഖ്യാപനം അംഗീകരിച്ചു. 9-4 വോട്ടുകള്‍ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം അംഗീകരിക്കപ്പെട്ടത്. ഭവന പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള മൂന്ന് പ്രമേയങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഐകകണ്‌ഠേന പാസാക്കി. 

മേയര്‍ അമര്‍ജീത് സോഹിയാണ് അടിയന്തര പ്രമേയം നിര്‍ദ്ദേശിച്ചത്. കടുത്ത തണുപ്പിനും ഭവനരഹിത ക്യാമ്പിലുണ്ടായ നിരവധി അറസ്റ്റുകള്‍ക്കും ശേഷമാണ് അടിയന്തര പ്രമേയം അംഗീകരിക്കപ്പെട്ടത്. ദീര്‍ഘകാല അടിയന്തരാവസ്ഥയായി ഇതിനെ കണക്കാക്കിയില്ലെങ്കില്‍ എഡ്മന്റണില്‍ കൂടുതല്‍ പേര്‍ ഭവന രഹിതരാകുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് സോഹി പറഞ്ഞു. 

അതേസമയം, കൗണ്‍സിലര്‍ ആരോണ്‍ പാക്വറ്റ് ഉള്‍പ്പെടെയുള്ള കൗണ്‍സില്‍ അംഗങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. പാര്‍പ്പിടം, പ്രവിശ്യാ, ഫെഡറല്‍ ഗവണ്‍മെന്റുകളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് പാക്വെറ്റ് ചൂണ്ടിക്കാട്ടി.