ചില പ്രവിശ്യകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു 

By: 600002 On: Jan 17, 2024, 12:18 PM

 

 

കാനഡയിലെ ചില പ്രവിശ്യകളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിന്റെ അധികാരപരിധി സര്‍ക്കാര്‍ പ്രവിശ്യകളുമായി ഷെയര്‍ ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരാണ് വിസ നല്‍കുന്നത്. അതേസമയം, കോളേജുകളെയും സര്‍വ്വകലാശാലകളെയും നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രവിശ്യാ സര്‍ക്കാരുകള്‍ക്കാണ്. 

ഭവന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രവിശ്യകളുടെ ഹൗസിംഗ് സ്റ്റോക്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന പ്രവിശ്യകളെ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, നോവ സ്‌കോഷ്യ എന്നിവടങ്ങളിലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഏറെയുള്ളത്. ഇവിടെ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ചില പ്രവിശ്യകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ആ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.