ഈ വര്‍ഷം കാനഡയിലെ പ്രധാന നികുതി മാറ്റങ്ങള്‍ 

By: 600002 On: Jan 17, 2024, 12:05 PM

 


ഈ വര്‍ഷം കനേഡിയന്‍ പൗരന്മാര്‍ ചില ടാക്‌സ് വര്‍ധനകള്‍ നേരിടുകയാണ്. ഇന്‍കം ടാക്‌സ് മുതല്‍ ആല്‍ക്കഹോള്‍ ടാക്‌സ് വരെ കുത്തനെ വര്‍ധിക്കും. കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചില പ്രധാന ടാക്‌സ് നടപടികള്‍ എടുത്തുകാണിക്കുന്നു. ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് റേറ്റും മാക്‌സിമം ആന്വല്‍ ഇന്‍ഷുറബിള്‍ ഏണിംഗ്‌സും ഈ വര്‍ഷം 1.63 ശതമാനത്തില്‍ നിന്ന് 1.66 ശതമാനമായി ഉയര്‍ന്നു. അതായത്, 2023 ലെ 61,500 ഡോളറില്‍ നിന്നും 2024 ല്‍ 63,200 ഡോളറായി ഉയര്‍ന്നു. ഇതിനര്‍ത്ഥം, ജീവനക്കാര്‍ 1,049.12 ഡോളര്‍ മാക്‌സിമം ആന്വല്‍ പ്രീമിയം നല്‍കണമെന്നാണ്. 

2024 ഏപ്രില്‍ 1ന് ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് ടണ്ണിന് 65 ഡോളറില്‍ നിന്ന് 80 ഡോളറായി വര്‍ധിക്കും. ക്യുബെക്ക് ഒഴികെ കാനഡയിലെ എല്ലാ നികുതി ദായകര്‍ക്കും കാര്‍ബണ്‍ ടാക്‌സ് ബാധകമാണ്. കാര്‍ബണ്‍ ടാക്‌സ് വര്‍ധനയോടെ ഒരു ലിറ്റര്‍ ഗ്യാസിന്റെ വില 14.3 സെന്റില്‍ നിന്ന് 17.6 സെന്റായി ഉയര്‍ന്നു. അതേസമയം, ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് ബാധകമായ കനേഡിയന്‍ പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ ക്ലൈമറ്റ് ആക്ഷന്‍ ഇന്‍സെന്റീവ് പേയ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ കാര്‍ബണ്‍ പ്രൈസിംഗ് റിബേറ്റുകള്‍ ലഭിച്ചു തുടങ്ങി. 

2024 ഏപ്രില്‍ 1 മുതല്‍ ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയുടെ എക്‌സൈസ് തീരുവ ആല്‍ക്കഹോള്‍ എസ്‌കലേറ്റര്‍ ടാക്‌സ് മൂലം 4.7 ശതമാനം വര്‍ധിക്കും. 

ഇവ കൂടാതെ ഡിജിറ്റല്‍ ടാക്‌സ് വര്‍ധനയും ഈ വര്‍ഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ബാധകമാകും. ആമസോണ്‍, ഊബര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഭീമന്മാരെ അവരുടെ ന്യായമായ നികുതി വിഹിതം അടയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ മൂന്ന് ശതമാനം ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സ് കാരണം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുമെന്ന് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.