പി പി ചെറിയാൻ, ഡാളസ്.
ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്ററിനെ ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു.
2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നേര്‍കാഴ്ച പത്രത്തിന്റെയും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെയും സ്ഥാപകനും ചീഫ് എഡിറ്ററുമായ സൈമണ്‍ വളാച്ചേരിലിനെ തിരഞ്ഞെടുത്തു. ഐ.പി.സി.എന്‍.എ നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്‍മുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൈരളി ടി.വി ഹൂസ്റ്റണ്‍ ബ്യൂറോ ചീഫായ മോട്ടി മാത്യുവാണ് സെക്രട്ടറി. ട്രഷറര്‍ ആയി അജു വാരിക്കാട് (പ്രവാസി ചാനല്‍), വൈസ് പ്രസിഡന്റ് ആയി ജീമോന്‍ റാന്നി (ഫ്രീലാന്‍സ് ജേണലിസ്റ്റ് നേര്‍കാഴ്ച, ഇ മലയാളി), ജോയിന്റ് സെക്രട്ടറിയായി സജി പുല്ലാട് (ഏഷ്യാനെറ്റ് യു.എസ്.എ), ജോയിന്റ് ട്രഷററായി രാജേഷ് വര്‍ഗീസ് (നേര്‍കാഴ്ച ചെയര്‍മാന്‍-ആര്‍.വി.എസ് ഇന്‍ഷുറന്‍സ് ഗ്രൂപ്പ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാഫോര്‍ഡിലെ നേര്‍കാഴ്ച പത്രം ഓഫീസില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്‍മുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ നേവിയില്‍ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച സൈനികനും പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തകനുമായ സൈമണ്‍ വളാച്ചേരില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനാണ്. അമേരിക്കയിലെ വിവിധ കമ്പനികളുടെ തലപ്പത്തു വരുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമാകുകയും ചെയ്ത വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്. തന്റെ നിസ്തുലമായ സേവനങ്ങള്‍ക്ക് സൈമണ്‍ വാളച്ചേരിലിനെ തേടി നിരവധി പുരസക്കാരങ്ങളും എത്തിയിട്ടുണ്ട്.
നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) വൈസ് പ്രസിഡന്റായ ഇദ്ദേഹം ഷിക്കാഗോ മിഡ്‌വെസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് ചെയര്‍മാന്‍ (2023) എന്നീ നിലകളില്‍ തിളങ്ങിയിട്ടുണ്ട്.
മാധ്യമരംഗത്തെ മികവിന് ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ്, ഇന്ത്യ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ സംഘടനകള്‍ സൈമണ്‍ വളാച്ചേരിലിനെ പുരസക്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2022 ലെ മുംബൈ ജ്വാല അവാര്‍ഡും നേടി.
2023 ജ്വാല അവാര്‍ഡ് ദാന ചടങ്ങിലെ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു, മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ സെക്രട്ടറിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും വിവിധ പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മോട്ടി മാത്യു ആദ്യ ഇന്റര്‍നെറ്റ് ഡെയിലി ദീപിക ഡോട്ട് കോമിന്റെ ലേഖകനെന്ന നിലയില്‍ തിളങ്ങി.
25 വര്‍ഷമായി ഹൂസ്റ്റണില്‍ താമസിക്കുന്ന ഇദ്ദേഹം ഹോളിവുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് കാലിഫോര്‍ണിയയില്‍ നിന്നും സിനിമാ സംവിധാനവും സിനിമ നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളും പഠിച്ചു. 2003-2004 ഘട്ടങ്ങളില്‍ ദൃശ്യമാധ്യമ രംഗത്തേയ്ക്ക് പ്രനേശിച്ചു. മുഖ്യധാര മാധ്യമങ്ങളില്‍ ഒന്നായ കൈരളി ടി.വിയുടെ ഫ്യൂസ്റ്റന്‍ ബ്യൂറോ ചീഫ് ആണിപ്പോള്‍. കഥയും തിരക്കഥയും സിനിമാഗാനങ്ങളും മ്യൂസിക് ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും, തന്റെ സര്‍ഗ്ഗശക്തിയില്‍ വികസിപ്പിച്ചെടുത്ത ഷോര്‍ട്ട് ഫിലിം ഡയറക്ടറുമാണ്.
പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയായ മോട്ടി മാത്യു യൂണിവേഴ്‌സിറ്റി ആര്‍ട്‌സ് ഫെസ്റ്റിവല്‍ ജേതാവാണ്. സെലിബ്രിറ്റി ഫോട്ടേഗ്രാഫറും വീഡിയോഗ്രാഫറും നടനും എഴുത്തുകാരനും സംവിധായകനുമാണ് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം കൂടിയായ മോട്ടി മാത്യു. ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അജു വാരിക്കാട് മാധ്യമപ്രവര്‍ത്തനം പാഷനാക്കിയ വ്യക്തിയാണ്. നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പി.ആര്‍.ഒ ആണ്. റിട്ടയര്‍മെന്റ് സൊല്യൂഷന്‍സില്‍ സ്‌പെഷലൈസ് ചെയ്ത ഫിനാന്‍ഷ്യല്‍ പ്ലാനറായ ഇദ്ദേഹം കഴിഞ്ഞ എട്ടുവര്‍ഷമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) സജീവ പ്രവര്‍ത്തകനാണ്. 2023ല്‍ മാഗ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇദ്ദേഹം ഇക്കൊല്ലവും തല്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗികമായി പവല്‍ ഇന്‍ഡസ്ട്രീസിന്‍ വയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വം വഹിക്കുന്നു.
പ്രവാസി ചാനലിന് പുറമെ വിവധ മാധ്യമങ്ങള്‍ക്ക് വേണ്ടിയും ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുന്നു. ഐ.പി.സി.എന്‍.എയുടെ സജീവാംഗമായ അജു വാരിക്കാട് സംഘടനയുടെ ട്രസ്റ്റി ബോര്‍ഡിലും സേവനമനുഷ്ഠിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനത്തിലെ മികവുകൊണ്ട് ശ്രദ്ധേയനായ ജീമോന്‍ റാന്നി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സ്പന്ദനങ്ങളും വര്‍ത്തകളും വിശേഷങ്ങളുമൊക്കെ യഥാസമയം വായനക്കാരിലെത്തിക്കുന്നതില്‍ തത്പരനാണ്. ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഓവര്‍സീസ് കോണ്‍ഗ്രസ് അമേരിക്കന്‍ റീജിയന്റെ സെക്രട്ടറി കൂടിയാണ്. തന്റെ തിരക്കേറിയ ജോലിക്കിടയിലും സാമൂഹിക സേവനത്തിനായി ജീമോന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. മാധ്യമ രംഗത്ത് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2023ല്‍ ‘ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്’ അദ്ദേഹത്തെ ‘ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍’ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയില്‍ നിരവധി വര്‍ഷങ്ങളായി അംഗമാണ് ജീമോന്‍ റാന്നി. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക സെക്ര ട്ടറിയാണിപ്പോള്‍.
മികച്ച പ്രഭാഷകനും സംഘാടകനുമായ ജീമോന്‍ റാന്നി രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുന്നു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനാണ്. ഇപ്പോള്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി എസ്.എ) നാഷണല്‍ ജനറല്‍ സെക്രട്ടറിയായി സംഘടനയ്ക്കു കരുത്തുറ്റ നേതൃത്വം നല്‍കി വരുന്നു.
അടുത്തയിടെ ഹൂസ്റ്റണ്‍ സീനിയര്‍ ഫോറവും മാധ്യമ രംഗത്തെ മികവുറ്റ പ്രവര്‍ത്തനത്തിന്റ് പൊന്നാട നല്‍കി ആദരിച്ചു. നേര്‍കാഴ്ച പത്രത്തിന്റെ എഡിറ്റോറിയല്‍ അംഗമാണ്. ഏഷ്യാനെറ്റ് യു.എസ്.എയുടെ ജനപ്രിയ അവതാരകനും അസോസിയേറ്റ് പ്രൊഡ്യൂസറുമാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സജി പുല്ലാട്. മിമിക്രി കലാകാരന്‍ എന്ന നിലയില്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സജി പുല്ലാട് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച നിരവധി സംഗീത ആല്‍ബങ്ങള്‍ അമേരിക്കയില്‍ റിലീസ് ചെയ്തിട്ടുണ്ട്. അവയെല്ലാം ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയുമാണ്.
റേഡിയോ ഹാര്‍ട്ട് ബീറ്റ്‌സി’ന്റെ അവതാരകനായും ശ്രോതാക്കളുടെ പ്രംശംസ ഏറ്റുവാങ്ങിയ ഇദ്ദേഹം മികച്ച ഗായകന്‍ കൂടിയാണ്. പ്രമുഖ ക്രിസ്ത്യന്‍ മാസികയായ ക്രിസ്ത്യന്‍ ടൈംസിന്റെ 2007ലെ ‘മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് നേടിയ സജി പുല്ലാട് മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും സമൂഹത്തിലെ അനുദിന നേര്‍കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു. രാജേഷ് വര്‍ഗീസ് നേര്‍കാഴ്ച ന്യൂസിന്റെ ചെയര്‍മാനായ രാജേഷ് വര്‍ഗീസ് മാര്‍ക്കറ്റിങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിരവധി അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതനായിട്ടുണ്ട്. മാഗിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ജനപ്രിയ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്.
ആര്‍.വി.എസ് ഇന്‍ഷുറന്‍സ് ഗ്രൂപ്പിന്റെ ഉടമകൂടിയാണ് ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ജോയിന്റ് ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട രാജേഷ് വര്‍ഗീസ്. പത്തു വര്‍ഷത്തിലേറെയായി ഇന്‍ഷുറന്‍സ് മേഖലയില്‍ ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്ന രാജേഷ് തന്റെ ഉപഭോക്താക്കളുടെ ജീവനും സ്വത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക വഴി ഈ രംഗത്ത് സര്‍വസമ്മതനാണ്. ഓട്ടോ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ് ഫ്‌ളഡ് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, കൊമേഴ്‌സ്യല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലാണ് ആര്‍.വി.എസ് ഗ്രൂപ്പ് സേവനം വ്യാപിപ്പിക്കുന്നത്. ഈ സേവനങ്ങളില്‍ ഉപഭോക്താക്കള്‍ സംതൃപ്തരാണെന്ന് അവരുടെ നിരന്തരമായ പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ രാജേഷ് അക്കൗണ്ടിങ് ആന്റ് ഫിനാന്‍സില്‍ മാസ്റ്റര്‍ ബിരുദവും എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിലും തിളങ്ങുന്നു. യാക്കോബായ സഭ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ ഭാരവാഹിയായ ഇദ്ദേഹം ‘മലങ്കര ദീപം’ എന്ന സോവനീറിന്റെ ചീഫ് എഡിറ്റര്‍ കൂടിയാണ്. വിവിധ കാലഘട്ടങ്ങളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയിലെ കമ്മിറ്റിയംഗമായിരുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നിത്യജീവിത അവസ്ഥകള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ചാപ്റ്റര്‍ പ്രസിഡന്റ് സൈമണ്‍ വളാച്ചേരില്‍ പറഞ്ഞു.
കര്‍മഭൂമിയിലെ മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി നിലനിന്നുകൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരിയാണ് നമ്മുടെ ലക്ഷ്യം. സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയോടും സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ അഡൈ്വസറി ബോര്‍ഡിനാടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാവും ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രവര്‍ത്തിക്കുകയെന്ന് സൈമണ്‍ വളാച്ചേരില്‍ വ്യക്തമാക്കി.