അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രഥമ മദർതെരേസാ ജീവകാരുണ്യ സേവാ പുരസ്‌കാരം ഡോ: കേണൽ കാവുമ്പായി ജനാർദ്ദനനു സമ്മാനിച്ചു.

By: 600084 On: Jan 16, 2024, 4:43 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ  ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ 'മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം' പ്രൊഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനനു കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച്  പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജം സമ്മാനിച്ചു.

ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോർഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർവ്വ എ.ജിഎം ആയ  ഗോപീകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത് പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോക്ടർ അജു കെ. നാരായണൻ (പ്രൊഫസർ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി), പ്രസന്നൻ, സന്ദീപ് സലിം എം. എം. ഷാജി, സലിം കുളത്തിപ്പടി, ഉണ്ണികൃഷ്ണൻ അമ്പാടി, കെ. കെ. അനിൽകുമാർ, പി. ഗിരീഷ് തുടങ്ങി നിരവധി പ്രമുഖർ അവാർഡ് ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക്  ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സ്‌കോളർഷിപ്പ് നൽകി പ്രോത്സാഹിപ്പിക്കുകയും അഖിലേന്ത്യാ തലത്തിൽ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം ഡോക്ടർ കാവുമ്പായി ജനാർദ്ദനനു സമ്മാനിച്ചത്.

വിരമിച്ച സീനിയർ ആർമി ഓഫീസറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനും സീനിയർ മന:ശാസ്ത്ര ഉപദേഷ്ടാവും മഹാത്മാഗാന്ധി മിഷൻ ഗ്രൂപ്പ് ഓഫ് കോളേജുകളുടെ  ഡയറക്ടറും പ്രൊഫസറും രണ്ടു ഡസനിലേറെ പുസ്തകങ്ങളുടെ രചയിതാവും നിരവധി ദേശീയ സംഘടനകളുടെ ആജീവനാന്ത അംഗവും പ്രചോദനാത്മക പ്രഭാഷകനുമാണ് ഡോക്ടർ കാവുമ്പായി ജനാർദ്ദനൻ. പതിനഞ്ചിലേറെ ദേശീയഅന്തർദേശീയ റഫറൻസ് ബുക്കുകളിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട് പതിനാറിലധികം അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

സാഹിത്യം, കല, സാമൂഹ്യസേവനം, കാരുണ്യ പ്രവർത്തനം, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയിലുടനീളമുള്ള സംഘടനകളിൽ നിന്ന് നിരവധി ബഹുമതികളും സമ്മാനങ്ങളും മെഡലുകളും നേടിയിട്ടുണ്ട്. 'കൊറോണ മഹാമാരിയെ നേരിടാം' എന്ന പേരിൽ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച  ശാസ്ത്ര  സാഹിത്യ പുസ്തകത്തിനുള്ള ഈ വർഷത്തെ പി.കെ. ഗോപാലൻ സ്മാരക ശാസ്ത്ര സാഹിത്യ പുരസ്‌കാരം ഡോക്ടർ കാവുമ്പായി ജനാർദ്ദനനും ഡോക്ടർ മേജർ നളിനി ജനാർദ്ദനനും നേടി.

കഴിഞ്ഞ 29 വർഷമായി കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള  പാവപ്പെട്ട മൂന്നര ലക്ഷത്തോളം സ്‌കൂൾ വിദ്യാർത്ഥികൾക്കും 25000 ത്തിലേറെ കോളേജ് വിദ്യാർത്ഥികൾക്കും  ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സ്‌കോളർഷിപ്പുകളും നിർധനരായവർക്ക് വീട് നിർമ്മാണ സഹായവും മറ്റും കാരുണ്യ പ്രവർത്തനങ്ങളും നൽകി വന്നു.

വിദ്യാഭ്യാസ ധനസഹായത്തിനു പുറമേ, അനാഥാലയങ്ങൾ,  സാധു പെൺകുട്ടികളുടെ വിവാഹം, ഭവന നിർമ്മാണം, സ്വയംതൊഴിൽ പദ്ധതി, ചികിത്സാസഹായം, വികലാംഗർക്കു സഹായം  എന്നിങ്ങനെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി 12 കോടിയിലധികം രൂപ  ഇതിനകം നൽകി കഴിഞ്ഞു. എ. പി. ജിനനാണ് ഈ സംഘടനയുടെ ചീഫ് കോർഡിനേറ്റർ.