ആഗോളതലത്തില്‍ 40 ശതമാനം ജോലികളെ എഐ ബാധിക്കും: ഐഎംഎഫ് 

By: 600002 On: Jan 16, 2024, 10:32 AM


ലോകമെമ്പാടുമുള്ള ഏകദേശം 40 ശതമാനം ജോലികളെയും കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ബാധിച്ചേക്കുമെന്നും ഈ പ്രവണത അസമത്വം വര്‍ധിപ്പിക്കുമെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്). ആഗോള തൊഴില്‍ സുരക്ഷയ്ക്ക് എഐ അപകടം സൃഷ്ടിക്കുമെന്ന് പറഞ്ഞ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനും ആഗോള വളര്‍ച്ചയ്ക്ക് ഇന്ധനം നല്‍കാനും വലിയ അവസരം സൃഷ്ടിക്കാനും എഐ സഹായിക്കുമെന്ന് ബ്ലോഗ് പോസ്റ്റില്‍ വിലയിരുത്തി. 

വികസിത സമ്പദ്‌വ്യവസ്ഥയിലെ 40 ശതമാനം തൊഴിലുകളെയും ഐഐ ബാധിക്കും. അതിനാല്‍ വരുംവര്‍ഷങ്ങള്‍ നിര്‍ണായകമായിരിക്കും. വികസ്വര രാജ്യങ്ങളില്‍ എഐയുടെ സ്വാധീനം കുറവായിരിക്കും. അവശേഷിക്കുന്ന 60 ശതമാനം തൊഴിലുകളും വികസ്വര സമ്പദ്‌വ്യവസ്ഥകളിലാണ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള  തൊഴിലുകളിലാണ് എഐ സ്വാധാനം വര്‍ധിക്കുകയെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ചിലപ്പോള്‍ ജോലി തന്നെ അപ്രത്യക്ഷമായേക്കാം. അതല്ലെങ്കില്‍ എഐ ജോലിയില്‍ മെച്ചമുണ്ടാക്കിയേക്കാം. രണ്ടിനും സാധ്യതയുണ്ടെന്ന് അവര്‍ സൂചിപ്പിക്കുന്നു.