കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. രാജ്യത്ത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം നിലവില്‍ നിയന്ത്രണാതീതമായതായി അദ്ദേഹം പറഞ്ഞു. രാജ്യം രൂക്ഷമായ ഭവന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതുവര്‍ഷത്തിന്റെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും സ്റ്റുഡന്റ് വിസയ്ക്ക് പരിധി നിശ്ചയിക്കുന്നത്. എന്നാല്‍ എത്ര കുറവ് സര്‍ക്കാര്‍ വരുത്തുമെന്നതില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രവിശ്യകളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം പ്രഖ്യാപിക്കുക. കൂടാതെ അക്കാദമിക് സ്ഥാപനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രധാന ഘടകമായിരിക്കുമെന്ന് മാര്‍ക്ക് മില്ലര്‍ പറഞ്ഞു.