അതിശൈത്യവും കൊടുംതണുപ്പും കാനഡയിലുടനീളം സ്ഥിതി മോശമാക്കിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കലും വൈകലും, വൈദ്യുതി തടസ്സം തുടങ്ങിയ വിവിധ പ്രശ്‌നങ്ങളാണ് കനത്ത മഞ്ഞുമൂലം പല പ്രവിശ്യകളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയയില്‍ കനത്ത മഞ്ഞുവീഴ്ചയും കടുത്ത തണുപ്പും മൂലം ആരോഗ്യ മേഖലും പ്രതിസന്ധിയിലായി. പ്രവിശ്യയിലെ മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാട്ടര്‍ പൈപ്പുകള്‍ പൊട്ടിയതിനാല്‍ സറേയിലെ കെയര്‍ ഹോമുകളില്‍ നിന്നും വൃദ്ധരെ മാറ്റിപ്പാര്‍പ്പിച്ചു. റെക്കോര്‍ഡ് താപനില സൃഷ്ടിച്ച ഫ്രേസര്‍വാലിയില്‍ തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഫലമായി വീട്ടുടമകള്‍ക്കും ബിസിനസ്സുകള്‍ക്കും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പുറമെയാണ് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍.
അത്യാഹിത വിഭാഗത്തില്‍ പ്രഷറൈസ്ഡ് സ്പ്രിംഗ്‌ളര്‍ പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് മിഷന്‍ ആശുപത്രി അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സീലിംഗിന്റെ കഷ്ണങ്ങള്‍ വീണ് അപകടമുണ്ടാകാതിരിക്കാന്‍ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ മിഷനില്‍ നിന്നും 20 മിനിറ്റ് അകലെയുള്ള അബോട്ട്‌സ്‌ഫോര്‍ഡ്, മേപ്പിള്‍ റിഡ്ജ് ആശുപത്രികളിലേക്ക് മാറ്റി. ആംബുലന്‍സ് സ്റ്റേഷന്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ 911 എന്ന നമ്പറില്‍ വിളിക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.