അതിശൈത്യ കാലാവസ്ഥ കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം വിമാന സര്‍വീസുകളില്‍ കാലതാമസമുണ്ടാകുകയും ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ചെയ്തതായി എയര്‍പോര്‍ട്ട് അതോറിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് അഞ്ച് മണി വരെ ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 39 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. കൂടാതെ നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. വ്യാഴാഴ്ച ദേശീയതലത്തില്‍ 87 വിമാനങ്ങളും വെള്ളിയാഴ്ച 104 വിമാനങ്ങളും റദ്ദാക്കിയതായി കാല്‍ഗറി ആസ്ഥാനമായുള്ള വെസ്റ്റ്‌ജെറ്റ് അറിയിച്ചു.
റദ്ദാക്കലുകള്‍ വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും നിരാശയുണ്ടാക്കുമെങ്കിലും റദ്ദാക്കല്‍ അല്ലാതെ മറ്റൊരു വഴിയില്ലെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലതാമസം ഔട്ട്‌ഗോയിംഗ് ഫ്‌ളൈറ്റുകളില്‍ തടസ്സമുണ്ടാക്കും. ഇത് യാത്രക്കാരും ജീവനക്കാരും മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ ഇടയാകും.
ഓട്ടവയില്‍ മക്‌ഡൊണാള്‍ഡ്-കാര്‍ട്ടിയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയില്‍ 23 ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. മോണ്‍ട്രിയലില്‍ 34 വിമാനങ്ങളും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 18 വിമാനങ്ങളും റദ്ദാക്കി. ഏകദേശം 40 ഓളം വിമാനങ്ങള്‍ വൈകിയതായാണ് റിപ്പോര്‍ട്ട്. കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച 35 ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. അതേസമയം എഡ്മന്റണില്‍ 25 ഇന്‍കമിംഗ് ഔട്ട്‌ഗോയിംഗ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
കാലാവസ്ഥാ പ്രവചനം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈനുകള്‍ അറിയിച്ചു.