അടൽ സേതു വികസിത ഭാരതത്തിൻ്റെ പ്രതിഫലനവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതീകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

By: 600021 On: Jan 13, 2024, 8:20 AM

രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തു. അടൽ സേതു വികസിത ഭാരതത്തിൻ്റെ പ്രതിഫലനവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതീകവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2016 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ സേതുവിന് തറക്കല്ലിട്ടത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയായ മുംബൈ, താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനാണ് അടൽ സേതു ലക്ഷ്യമിടുന്നത്. സെവ്രിയ്ക്കും നവാ ഷെവയ്ക്കും ഇടയിലുള്ള യാത്രാ സമയം - ഏകദേശം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കാനും മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള റൂട്ട് ചുരുക്കാനും പാലം സഹായകമാവും. കൂടാതെ, മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് അതിവേഗ റൂട്ട് നൽകുകയും മുംബൈ തുറമുഖവും ജവഹർലാൽ നെഹ്‌റു തുറമുഖവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. കടലിന് മുകളിലൂടെ 16.5 കിലോമീറ്ററും കരയ്ക്ക് മുകളിലൂടെ 5.5 കിലോമീറ്ററും നീണ്ടുകിടക്കുന്ന 6-വരിപ്പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലമാണ്. ലോകമെമ്പാടുമുള്ള എഞ്ചിനീയർമാരും വിദഗ്ധരുമായി എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് കരാർ (ഇപിസി) അടിസ്ഥാനത്തിൽ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (എംഎംആർഡിഎ) പദ്ധതി നടപ്പിലാക്കിയത്. എംഎംആർഡിഎ പ്രകാരം 17,840 കോടിയിലധികം രൂപ ചെലവിലാണ് പാലത്തിൻ്റെ നിർമ്മാണം. പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി ഏകദേശം 30,755 ദശലക്ഷം യെൻ വായ്പ അനുവദിച്ചിരുന്നു. അടൽ സേതു മഹത്തായ ഉദ്ഘാടന ചടങ്ങിന് ശേഷം നവി മുംബൈയിൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 12,700 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഈസ്റ്റേൺ ഫ്രീവേയുടെ ഓറഞ്ച് ഗേറ്റിനെ മറൈൻ ഡ്രൈവുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റോഡ് ടണലിലെ തറക്കല്ലിടൽ, സൂര്യ റീജിയണൽ ബൾക്ക് കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം, ഉറാൻ-ഖാർകോപ്പർ റെയിൽവേ ലൈനിന്റെ രണ്ടാം ഘട്ടം, പുതിയ സബർബൻ സ്റ്റേഷൻ ദിഘ ഗാവ് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ.