ഇന്ത്യ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ. 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് അതിനുള്ള വഴിയൊരുക്കിയെന്നും ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയെ വികസിതവും സ്വയം പര്യാപ്തവുമായ രാഷ്ട്രമാക്കി മാറ്റുന്നതിന് നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കേന്ദ്രമന്ത്രി പർഷോത്തം രൂപാലയും നിരവധി വ്യവസായ പ്രതിനിധികളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വൈബ്രന്റ് ഉച്ചകോടിയുടെ പത്താം പതിപ്പിൽ 2024-ൽ 41,299 പദ്ധതികളിലായി 26.33 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണാപത്രം ഒപ്പുവെച്ചു. 2022-ൽ മാറ്റിവച്ച വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 18 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചു.