കൊടും തണുപ്പുള്ള സമയങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാണെന്ന് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി അഗ്നിശമന സേന 

By: 600002 On: Jan 12, 2024, 11:40 AM

 

 


കഴിഞ്ഞ ദിവസം കാല്‍ഗറിയിലെ ഒരു വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാല്‍ഗറി അഗ്നിശമന സേന. കൊടും തണുപ്പുള്ള സമയങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകള്‍ വീടുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കി. താപനില കുറയുന്നതിനനുസരിച്ച് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് വര്‍ധിക്കും. ഇതാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകളുടെ പ്രാധാന്യത്തെ എടുത്തുപറയുന്നതെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഈ ആഴ്ചയുടെ തുടക്കം മുതല്‍ കാര്‍ബണ്‍ മോണോക്‌സൈഡുമായി ബന്ധപ്പെട്ട 30 ഓളം കോളുകളാണ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

തണുപ്പുകാലത്ത് കാര്‍ബണ്‍ മോണോക്‌സൈഡ് പ്രശ്‌നങ്ങളുള്ള ഫര്‍ണസുകളുടെ എണ്ണം വര്‍ധിക്കുന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഫര്‍ണസിന്റെ പതിവ് അറ്റകുറ്റപ്പണിയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച തടയാന്‍ വീട്ടില്‍ ചെയ്യാവുന്ന ഒരു കാര്യം. ഫര്‍ണസ് മാത്രമല്ല, ഹോട്ട് വാട്ടര്‍ ടാങ്കുകള്‍, ഫയര്‍പ്ലെയ്‌സുകള്‍, വുഡ് ബേണിംഗ് ഫയര്‍പ്ലെയ്‌സ് എന്നിവയും കാര്‍ബണ്‍ മോണോക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്നു. ഇവ ശരിയായി ശ്രദ്ധിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു.