വന്‍ ഗതാഗതക്കുരുക്ക്: ടൊറന്റോ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ നഗരം 

By: 600002 On: Jan 12, 2024, 10:31 AM

 

 

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ നഗരമായി പട്ടികയില്‍ ടൊറന്റോ ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്കിനെയും മെക്‌സിക്കോ സിറ്റിയെയും പിന്തള്ളിയാണ് ടൊറന്റോ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനും ഡബ്ലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ടൊറന്റോ. നാവിഗേഷന്‍ ആന്‍ഡ് ലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോം ടോം ആണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം എടുത്തതിനേക്കാള്‍ 50 സെക്കന്‍ഡ് കൂടുതലായി ടൊറന്റോയില്‍ യാത്രക്കാര്‍ക്ക് 10 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്നുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. അതായത് 29 മിനിറ്റ് എടുത്താണ് 10 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും മോശം ട്രാഫിക് ഉള്ള നഗരമായി തെരഞ്ഞെടുത്ത ലണ്ടനില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 37 മിനിറ്റും 20 സെക്കന്‍ഡും എടുക്കും. അതേസമയം, രണ്ടാം സ്ഥാനത്തുള്ള ഡബ്ലിനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റും 30 സെക്കന്‍ഡുമാണ് എടുക്കുന്നത്. 

ഗതാഗത കുരുക്ക് മൂലം കഴിഞ്ഞ വര്‍ഷം ടൊറന്റോയിലെ ജനങ്ങള്‍ക്ക് ശരാശരി 98 മണിക്കൂര്‍ നഷ്ടമായാതായാണ് റിപ്പോര്‍ട്ട്. ഡാറ്റ അനുസരിച്ച് ഡ്രൈവര്‍മാര്‍ 10 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ശരാശരി 33 മിനിറ്റ് ചെലവഴിച്ച നവംബര്‍ 30 ആയിരുന്നു ടൊറന്റോ യാത്രക്കാര്‍ക്ക് ഏറ്റവും മോശം ദിവസം.