ഒന്റാരിയോയിലെ ആശുപത്രികളില്‍ രോഗികളുടെ തിരക്കേറുന്നു; കാത്തിരിപ്പ് സമയം വര്‍ധിക്കുന്നു: മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍ 

By: 600002 On: Jan 12, 2024, 9:45 AM

 

 

ഒന്റാരിയോയിലെ പല ആശുപത്രികളിലും രോഗികളുടെ എണ്ണം സാധാരണയേക്കാള്‍ കൂടുതലാണെന്നും രോഗികള്‍ അത്യാഹിത വിഭാഗങ്ങളില്‍ ഉള്‍പ്പെടെ നീണ്ട കാത്തിരിപ്പ് സമയം നേരിടേണ്ടി വരികയാണെന്നും മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. ഗുരുതരമല്ലാത്ത രോഗങ്ങളുള്ളവര്‍ എമര്‍ജന്‍സി റൂമുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നയാഗ്ര ഹെല്‍ത്ത്, ഓക്ക്‌വാലി ഹെല്‍ത്തിന്റെ മാര്‍ക്കം സ്റ്റൗഫ്‌വില്ലെ ഹോസ്പിറ്റല്‍, ലിന്‍ഡ്‌സെയിലെ റോസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവ ആശുപത്രികളിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. 

ഈ ആഴ്ച ആദ്യം 115 ശതമാനം ഒക്യുപെന്‍സിയാണ് ആശുപത്രിയിലെന്ന് ഓട്ടവ ക്വീന്‍സ്‌വേ കാള്‍ട്ടണ്‍ ഹോസ്പിറ്റല്‍ പറയുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 35 രോഗികള്‍ കിടക്കകള്‍ക്കായി കാത്തിരിക്കുകയാണെന്നും 70 പേര്‍ എമര്‍ജന്‍സി റൂം സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള നിരവധി എമര്‍ജന്‍സി റൂമുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞുവെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ടീം അധിഷ്ഠിത പ്രാഥമിക പരിചരണത്തിലേക്ക് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ ശക്തമാക്കാണമെന്ന് അസോസിയേഷന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഒന്റാരിയോയിലാണെന്നും ഇനിയും സമയം കുറയ്ക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ഫണ്ട് ചെലവഴിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.