പലരും വെള്ളം ശേഖരിക്കാനും സൂക്ഷിക്കാനുമെല്ലാം പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളുമാണ് ഏറെയും ഉപയോഗിക്കുന്നത്. ഇന്ന് കുപ്പിവെള്ളം കുടിക്കാത്തവരായി ആരുമില്ല. എന്നാല്‍ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പഠന റിപ്പോര്‍ട്ടില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 പ്ലാസ്റ്റിക് അംശങ്ങള്‍ അടങ്ങിയിരിക്കുന്നതായി പറയുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമായ പ്ലാസ്റ്റിക്കുകള്‍ നമ്മള്‍ ഓരോ കുപ്പിവെള്ളത്തിലൂടെ അകത്താക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നാനോപ്ലാസ്റ്റിക്കുകളുടെ ( ഒരു മൈക്രോമീറ്ററില്‍ താഴെ നീളമുള്ള അല്ലെങ്കില്‍ മനുഷ്യ മുടിനാരിഴയുടെ എഴുപതിലൊന്ന് വലുപ്പം മാത്രമുള്ള പ്ലാസ്റ്റിക് കണങ്ങള്‍) സാന്നിധ്യം കുപ്പിവെള്ളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ ചെന്നാല്‍ ഗുരുതര രോഗങ്ങളുണ്ടാക്കാന്‍ കഴിയുന്നവയാണിതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
മുമ്പ് നടന്നിരുന്ന പഠനങ്ങളില്‍ കുപ്പിവെള്ളത്തില്‍ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ മുമ്പ് കണക്കാക്കിയതിനേക്കാള്‍ 100 മടങ്ങ് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. മൈക്രോപ്ലാസ്റ്റികിനേക്കാള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് കുടിവെള്ളത്തിലെ നാനോപ്ലാസ്റ്റികിന്റെ സാന്നിധ്യം. ഇവ മനുഷ്യകോശങ്ങളിലും രക്തധമനികളിലും പ്രവേശിക്കുന്നതോടെ അവയവങ്ങള്‍ക്ക് ഗുരുതരമായ പരുക്കേല്‍പ്പിക്കും. കൂടാതെ ഗര്‍ഭസ്ഥ ശിശുക്കളില്‍ പോലും ഇവയ്ക്ക് കടക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളം നിറയ്ക്കാനുപയോഗിക്കുന്ന കുപ്പികള്‍, ഫില്‍ട്ടറുകള്‍, പൈപ്പുകള്‍ എന്നിവടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് അംശങ്ങള്‍ വെള്ളത്തില്‍ കലരുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.