കാല്‍ഗറിയിലെ ഒരു വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്(CO) ചോര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ടാരഡെലെയിലെ വീട്ടിലാണ് സംഭവമുണ്ടായത്. കാര്‍ബണ്‍ മോണോക്‌സൈഡ് അലാറം വീട്ടിലുണ്ടായിരുന്നുവെങ്കിലും അത് തകരാറിലാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. കുറച്ചുനാളായി തങ്ങള്‍ക്ക് അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് പുതിയ അലാറം വാങ്ങിവെക്കുകയും ഇത് ആക്റ്റിവേറ്റ് ആകുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ 9-1-1 ല്‍ വിളിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
സംഭവ സ്ഥലത്തെത്തിയ ATCO ഉദ്യോഗസ്ഥര്‍ ഫയര്‍ഫോഴ്‌സുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭിത്തിയിലെ എക്‌സ്‌ഹോസ്റ്റ് കണക്ഷന്‍ വേര്‍പെട്ടതായി കണ്ടെത്തി. ഇതാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമായത്. ഏകദേശം 60 പിപിഎമ്മിനും 70 പിപിഎമ്മിനും ഇടയിലായിരുന്നു കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നും ദീര്‍ഘനേരം ശ്വസിക്കുന്നത് മരണത്തിന് ഇടയാക്കുമെന്നും കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. അതിനാല്‍ എല്ലാ കാല്‍ഗറി നിവാസികളും അവരുടെ വീടുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിക്റ്റക്ടറുകള്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.