മത്സ്യത്തൊഴിലാളികൾക്ക് കിഷൻ ക്രെഡിറ്റ് കാർഡ് പോലുള്ള കാർഡുകൾ നൽകുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പറഞ്ഞു. പശ്ചിമ ബംഗാളിലെ ദിഘയിൽ സാഗർ പരിക്രമ ഫേസ് 12-ൻ്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് ലഭിക്കുന്നതു പോലെ മത്സ്യത്തൊഴിലാളികൾക്കും ഈ കാർഡ് വഴി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയ്ക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം 150 കോടി രൂപ അനുവദിച്ചതായി രൂപാല അറിയിച്ചു. ശങ്കർപൂർ മത്സ്യ തുറമുഖത്തിന് കേന്ദ്രസർക്കാർ 45 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യം ഉണക്കുന്നതിന് നേരിടുന്ന പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. സുനാമിയിൽ തകർന്ന കടൽത്തീരങ്ങളുടെ പുനർവികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 മാർച്ച് 5-ന് ഗുജറാത്തിലെ മാണ്ഡ്വിയിൽ നിന്നും ആരംഭിച്ച "സാഗർ പരിക്രമ"യുടെ ആദ്യഘട്ട യാത്ര നാളെ സൗത്ത് 24 പർഗാനാസിലെ ഗംഗാസാഗറിൽ സമാപിക്കും. ഇതുവരെ, കർണാടക, ആൻഡമാൻ നിക്കോബാർ, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഒഡീഷ, ഗുജറാത്ത്, ദാമൻ & ദിയു, മഹാരാഷ്ട്ര, ഗോവ എന്നീ തീരദേശ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ സാഗർ പരിക്രമയുടെ ഘട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.