കർശനമായ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് ഡസൻ കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും അടിച്ചമർത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ. കഴിഞ്ഞയാഴ്ച കാബൂളിൽ ഡസൻ കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും തടവിലാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തടവിലാക്കപ്പെട്ട പെൺകുട്ടികൾ ഷോപ്പിംഗ് സെന്ററുകളിലും ക്ലാസുകളിലും തെരുവ് മാർക്കറ്റുകളിലും മോശം ഹിജാബ് ധരിക്കാനും മേക്കപ്പ് ധരിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. താലിബാൻ സദാചാര പോലീസിൻ്റെ അറസ്റ്റുകൾ നിരവധി ദിവസങ്ങളിലായി നടന്നതായി സോഷ്യൽ മീഡിയ പോസ്റ്റ്കളിലൂടെയാണ് പുറത്തറിഞ്ഞത്. തലസ്ഥാന നഗരിയിൽ സ്ത്രീകളെ പോലീസ് പിക്കപ്പ് ട്രക്കുകളിൽ കയറ്റുന്നതിൻ്റെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പ്രചരിച്ചതിന് പിന്നാലെയാണ് താലിബാൻ അറസ്റ്റ് സ്ഥിരീകരിച്ചത്. അതേസമയം, സ്ത്രീകളെ മണിക്കൂറുകൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയക്കുകയോ കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ അധികാരികളെ ഏൽപ്പിക്കുകയോ ചെയ്തതായി താലിബാൻ്റെ വൈസ് ആൻഡ് വെർച്യു മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാൽ, കൂട്ട അറസ്റ്റിന് ശേഷം എത്ര പേർ കസ്റ്റഡിയിൽ തുടരുമെന്ന് വ്യക്തമല്ല. 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതിനുശേഷം, വിദ്യാഭ്യാസം, തൊഴിൽ, പൊതു ഇടങ്ങൾ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം താലിബാൻ കൂടുതൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. 2022 മെയ് മാസത്തിൽ, സ്ത്രീകൾ തല മുതൽ കാൽ വരെ മൂടണം, കണ്ണുകൾ മാത്രം വെളിപ്പെടുത്തണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.