ഓട്ടവയില്‍ താമസിക്കുന്ന റഷ്യന്‍ ആന്റിവാര്‍ ആക്റ്റിവിസ്റ്റ് മരിയ കര്‍ത്തഷേവയുടെ കനേഡിയന്‍ പൗരത്വ അവലോകനത്തില്‍ നിന്നും കാനഡ പിന്മാറിയതായി റിപ്പോര്‍ട്ട്. 2019 മുതല്‍ ഓട്ടവയില്‍ താമസിക്കുന്ന മരിയയ്ക്ക് റഷ്യയില്‍ അയോഗ്യയാക്കുമെന്ന് ഭീഷണി നേരിട്ടെങ്കിലും കനേഡിയന്‍ പൗരത്വം അനുവദിക്കുകയായിരുന്നു.
2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നിലെ പൂര്‍ണ തോതിലുള്ള അധിനിവേശത്തിന് തൊട്ടുപിന്നാലെ പാസാക്കിയ റഷ്യന്‍ നിയമപ്രകാരം മരിയയ്‌ക്കെതിരെ റഷ്യ കുറ്റം ചുമത്തി. റഷ്യന്‍ ഫെഡറേഷന്റെ സായുധ സേനയുടെ ഉപയോഗിൃത്തെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം അനുസരിച്ചാണ് കുറ്റം ചുമത്തിയത്.
ബ്ലോഗ് പോസ്റ്റിലൂടെ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ മരിയ ബുച്ച കൂട്ടക്കൊലയില്‍ ഭയം പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരത കാണിക്കുന്ന ചിത്രങ്ങളും മറ്റും പോസ്റ്റുകളില്‍ പങ്കിവെക്കുകയും ചെയ്തു. ഇതാണ് റഷ്യയെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് മരിയയെ അയോഗ്യയാക്കുകയായിരുന്നു.
കനേഡിയന്‍ ഇമിഗ്രേഷന്‍ നിയമ പ്രകാരം, കാനഡയുടെ ക്രിമിനല്‍ കോഡിന് കീഴില്‍ മറ്റൊരു രാജ്യത്ത് അപേക്ഷകനെതിരെ കുറ്റം ചുമത്തിയാല്‍ അപേക്ഷ പിന്‍വലിക്കുകയോ നിരസിക്കുകയോ ചെയ്യാം. കഴിഞ്ഞ സ്പ്രിംഗ് സീസണില്‍ പൗരത്വ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥന്‍ മരിയയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മരിയയ്ക്ക് കാനഡയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരില്ലെന്നും പൗരത്വം സ്വീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ എക്‌സില്‍ കുറിച്ചു.