മോണ്‍ട്രിയലില്‍ രജിസ്റ്റര്‍ ചെയ്യാത്ത അക്യുപങ്ചര്‍ കേന്ദ്രം; ചികിത്സ തേടിയവരോട് എച്ച്‌ഐവി പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച് മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Jan 10, 2024, 10:35 AM

 


മോണ്‍ട്രിയലില്‍ രജിസ്റ്റര്‍ ചെയ്യാത്ത അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലെത്തിയവര്‍ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി എന്നിവ പരിശോധിക്കണമെന്ന് മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് നിര്‍ദ്ദേശിച്ചു. നോട്രെ-ഡേം-ഡി-ഗ്രേസ് പ്രദേശത്ത് 'ഡോ.ബാ' എന്നറിയപ്പെടുന്ന ഡാഷ്‌ഡോര്‍ജ് ബയാസ്ഗാലന്‍ എന്ന വ്യക്തിയാണ് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രം നടത്തുന്നത്. ബയാസ്ഗാലന്റെ പക്കല്‍ നിന്ന് ചികിത്സ നേടിയ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്യുബെക്ക് ഓര്‍ഡര്‍ ഓഫ് അക്യുപങ്ചറിസ്റ്റുകള്‍ പൊതുജനത്തിന് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗനിര്‍ണയത്തിന് മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അക്യുപങ്ചര്‍ സൂചികള്‍, സക്ഷന്‍ കപ്പുകള്‍ എന്നിവയുടെ പുനരുപയോഗം, അണുവിമുക്തമാക്കാത്ത ഇന്‍ജക്ഷനുകള്‍ എന്നിവ മൂലം രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. 

ബയാസ്ഗാലന്‍ ഓര്‍ഡറിലെ അംഗമല്ലെന്നും എന്നാല്‍ അക്യുപങ്ചറിന് സമാനമായ ചികിത്സ ഇതുവരെ നല്‍കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്നറിയാനാണ് ചികിത്സാ കേന്ദ്രത്തില്‍ എത്തിയവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയതെന്ന് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. മറ്റുള്ളവരിലേക്ക് പകരുന്നതിന് മുമ്പ് ജാഗ്രതയോടെ പരിശോധന നടത്തി രോഗനിര്‍ണയം നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.