2023 ലോകത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷം 

By: 600002 On: Jan 10, 2024, 10:02 AM

 

ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷമായി 2023. കഴിഞ്ഞ ഒരു ലക്ഷം വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡ് ചൂടാണ് ലോകത്ത് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ്(സി3എസ്) പറയുന്നു. വ്യാവസായിക യുഗത്തിന് മുമ്പുള്ള അമ്പത് വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ ആഗോള താപനില 1.48 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചുവെന്ന് സി3എസ് ചൂണ്ടിക്കാട്ടുന്നു. ആഗോള താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ 1850 നു ശേഷമുള്ള ഏറ്റവും ചൂടേറിയ വര്‍ഷമാണ് കടന്നുപോയത്. 

ഹിമാനികളിലെ വായുകുമിളകള്‍, മരങ്ങളിലെ വളയങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സി3എസ് നിഗമനത്തിലെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്ര താപനില കൂട്ടുന്ന എല്‍നിനോ പ്രതിഭാസവും ചൂട് കൂടുന്നതിന് കാരണമായി. 

ആഗോള താപനില വര്‍ധന ഒന്നര ഡിഗ്രി സെല്‍ഷ്യസ് കടക്കാതെ നോക്കണമെന്നതാണ് പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മറികടക്കുമെന്നും സി3എസ് പറഞ്ഞു. 2023 ലെ ശരാശരി താപനില 0.17 സെല്‍ഷ്യസായിരുന്നു. മുമ്പത്തെ ചൂടേറിയ വര്‍ഷമായ 2016 നേക്കാള്‍ ഏറെ ഉയര്‍ന്നതാണിത്. ഉയര്‍ന്ന താപനില ഉഷ്ണതരംഗങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും കാട്ടുതീക്കും കാരണമായി.