കാനഡയുടെ ചില പ്രദേശങ്ങളില്‍ ഈയാഴ്ച 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം 

By: 600002 On: Jan 9, 2024, 1:08 PM

 

 

ഈയാഴ്ച കാനഡയുടെ ചില പ്രദേശങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രവചനം. ഒന്റാരിയോയിലെയും ക്യുബെക്കിലെയും ചില ഭാഗങ്ങളില്‍ വിന്റര്‍ സ്‌റ്റോം വാച്ച് എണ്‍വയോണ്‍മെന്റ് കാനഡ പുറപ്പെടുവിച്ചു. ചൊവ്വാഴ്ച മുതല്‍ പ്രവിശ്യകളിലെ ചില പ്രദേശങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞ് മൂടിയേക്കാം. ഒന്റാരിയോയില്‍ എലിയോട്ട് ലേക്ക്, ഗ്രേറ്റര്‍ സഡ്ബറി, പ്രെസ്‌കോട്ട്, റസ്സല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും കാറ്റുമുണ്ടാകും. 

യുക്കോണ്‍, നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറികള്‍, സസ്‌ക്കാച്ചെവന്‍ എന്നിവയുടെ ഭാഗങ്ങളില്‍ അതിശൈത്യ മുന്നറിയിപ്പ് നല്‍കി. അതികഠിനമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ -50 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് പോലെ അനുഭവപ്പെട്ടേക്കാമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. സസ്‌ക്കാച്ചെവനിലെ ക്രീ ലേക്ക്, കീ ലേക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്കും തണുത്ത കാറ്റ് വ്യാപിക്കും. 

ബീസിയുടെ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച രാവിലെ വരെ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കും. ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.