ഫ്‌ളോറിഡയിലേക്ക് കാനഡയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം; മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് കാനഡ 

By: 600002 On: Jan 9, 2024, 11:44 AM

 

 

കനേഡിയന്‍ അതിര്‍ത്തി കടന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മരുന്ന് വിതരണം സംരക്ഷിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു. കനേഡിയന്‍ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ആസ്തമ, പ്രമേഹം, എച്ച്‌ഐവി എന്നിവയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള കെട്ടുകണക്കിന് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇറക്കുമതി ചെയ്യാന്‍ ഫ്‌ളോറിഡയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഹെല്‍ത്ത് കാനഡയുടെ മുന്നറിയിപ്പ്. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഇറക്കുമതി കാനഡയിലെ മരുന്ന് വിതരണത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുന്ന സീസണില്‍ മരുന്ന് ക്ഷാമത്തെ നേരിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടയിലാണ് അമേരിക്കയില്‍ നിന്നുള്ള ഈ നീക്കം. 

രാജ്യത്ത് മരുന്ന് വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും കനേഡിയന്‍ പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അത് നിലപാടില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹെല്‍ത്ത് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കയിലെ ഉയരുന്ന മരുന്നുവിലയ്ക്ക് പരിഹാരമായി കാനഡയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാമെന്ന തീരുമാനം ഫലപ്രദമാകില്ലെന്നും ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. 

കാനഡയില്‍ ക്ഷാമം നേരിടുന്ന മരുന്നുകളുടെ കയറ്റുമതി നിയന്ത്രിക്കാന്‍ ഫെഡറല്‍ ലിബറല്‍ ഗവണ്‍മെന്റ് 2020 നവംബറില്‍ ഒരു ഇടക്കാല ഉത്തരവ് പാസാക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു.