അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് 16,000 അടി താഴ്ചയിലേക്ക് വീണ ഐഫോണ്‍ ഒരു പോറലുകളുമില്ലാതെ കണ്ടെത്തി 

By: 600002 On: Jan 9, 2024, 9:31 AM

 

 

കഴിഞ്ഞ ദിവസം അമേരിക്കയില്‍ അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ വാതില്‍ പറക്കുന്നതിനിടെ തുറന്നുപോയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഇതേ വാതിലിലൂടെ പുറത്തേക്ക് വീണ ഐഫോണിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന അത്ഭുതകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. 16,000 അടി താഴ്ചയിലേക്ക് വീണ ഐഫോണ്‍ സുരക്ഷിതമായി തിരികെകിട്ടിയെന്ന് അത് ലഭിച്ച ഷോണ്‍ ബേറ്റ്‌സ് എന്നയാള്‍ എക്‌സില്‍ കുറിച്ചു. പകുതി ബാറ്ററി ചാര്‍ജുള്ള എയര്‍പ്ലെയ്ന്‍ മോഡിലുള്ള ഫോണിന്റെ ചിത്രം ബേറ്റ്‌സ് എക്‌സില്‍ പങ്കുവെച്ചു. അണ്‍ലോക്ക് ചെയ്ത നിലയിലുള്ള ഫോണില്‍ ബാഗേജ് ക്ലെയിമിനായി മെസേജ് തുറന്നിരുന്നു. 

ഫോണ്‍ കണ്ടെത്തിയതിന് പിന്നാലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായി ബേറ്റ്‌സ് ബന്ധപ്പെട്ടു. ഫോണ്‍ പ്രവര്‍ത്തനക്ഷമമാണെന്നും വിമാനത്തില്‍ നിന്നും കണ്ടെത്തുന്ന രണ്ടാമത്തെ ഫോണാണിതെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(എന്‍ടിഎസ്ബി) അറിയിച്ചതായി ബേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഒറിഗണില്‍ ഒരു റോഡ് സൈഡില്‍ നിന്നാണ് തനിക്ക് ഫോണ്‍ ലഭിച്ചതെന്ന് ബേറ്റ്‌സ് പറയുന്നു. ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാനുള്ള രീതിയിലുള്ള കവറും സ്‌ക്രീന്‍ പ്രൊട്ടക്ടറും ഫോണിനുണ്ടായിരുന്നു. ഫോണിന്റെ മോഡല്‍ സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. 

ഒറിഗണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാരിയോയിലേക്ക് പറന്ന എഎസ്എ 1282 ഫ്‌ളൈറ്റിന്റെ വാതിലാണ് തുറന്നുപോയത്. 174 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ലൈന്‍ വ്യക്തമാക്കി.