കാല്‍ഗറി സിഖ് ക്ഷേത്രത്തില്‍ സംഘര്‍ഷം; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

By: 600002 On: Jan 9, 2024, 8:41 AM


 

 


നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ സിഖ് ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി ഡഷ്‌മേഷ് കള്‍ച്ചര്‍ സെന്ററിലാണ് സംഭവം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രഭരണസമിതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് വിശദാംശങ്ങളൊന്നും കാല്‍ഗറി പോലീസ് പുറത്തുവിട്ടിട്ടില്ല. 

അതേസമയം, പുതിയ ഭരണസമിതി ക്ഷേത്ര നിയമങ്ങള്‍ പാലിക്കുകയോ സിഖ് മതത്തിന്റെ ഭരണം അനുസരിക്കുകയോ ചെയ്യുന്നില്ലെന്നും നിയമ ലംഘനങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുവെന്നും പ്രതിഷേധം സംഘടിപ്പിച്ചവരില്‍ ഒരാളായ ഗുര്‍പര്‍തപ് ബൈദ്വാന്‍ പറയുന്നു. സിഖ് പെരുമാറ്റച്ചട്ടമായ 'സിഖ് രെഹത് മര്യാദ' ലംഘിക്കുക മാത്രമല്ല, സ്ഥാപനത്തിന്റെ സ്വന്തം നിയമങ്ങളും തെറ്റിച്ചതായി ഗുര്‍പര്‍തപ് ബൈദ്വാന്‍ ആരോപിച്ചു. 

ഡിസംബര്‍ 24 മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചതാണ്. ഇതുവരെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ പോലും എക്‌സിക്യുട്ടീവ് കമ്മിറ്റി തയാറായിട്ടില്ലെന്ന് ബൈദ്വാന്‍ പറഞ്ഞു.