ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നാല് നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) യൂണിറ്റുകൾ കൂടി ഉയർത്താനുള്ള നിർദ്ദേശത്തിന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. ഉധംപൂർ, കുപ്‌വാര, കാർഗിൽ (ലഡാക്ക്) എന്നിവിടങ്ങളിൽ ഓരോ മിക്സഡ് (ബോയ്‌സ് & ഗേൾസ്) ആർമി ബറ്റാലിയനും ഉധംപൂരിലെ ഒരു എയർ സ്ക്വാഡ്രണും അംഗീകാരത്തിൽ ഉൾപ്പെടുന്നു. ഈ അംഗീകാരത്തോടെ നിലവിലുള്ള കേഡറ്റുകളുടെ എണ്ണം 12,860 ആയി വർദ്ധിക്കും. നിലവിൽ, ഡയറക്ടറേറ്റിന് രണ്ട് ഗ്രൂപ്പ് ആസ്ഥാനങ്ങളുണ്ട്, ആകെ 10 എൻസിസി യൂണിറ്റുകൾ, മൂന്ന് ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും ഇതിൽ ഉൾക്കൊള്ളും. വിപുലീകരണം മേഖലയിലെ യുവാക്കളുടെ മനോവീര്യം വർധിപ്പിക്കുമെന്നും, അവർ രാഷ്ട്ര നിർമ്മാണത്തിൽ ഗണ്യമായ സംഭാവന നൽകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.