പറക്കുന്നതിനിടെ ആകാശത്ത് വെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ വാതില്‍ തുറന്നുപോയതിന് പിന്നാലെ കാനഡയിലെ പ്രമുഖ എയര്‍ലൈനുകള്‍ തങ്ങളുടെ വിമാനങ്ങളില്‍ ഈ വിമാനം ഇല്ലെന്ന് സ്ഥിരീകരിച്ചു. 737-8 മാക്‌സ് ജെറ്റ്‌ലൈനറാണ് സര്‍വീസ് നടത്തുന്നതെന്ന് എയര്‍ കാനഡ, വെസ്റ്റ് ജെറ്റ്, സണ്‍വിംഗ് എയര്‍ലൈന്‍സ്, ഫ്‌ളെയര്‍ എയര്‍ലൈന്‍സ്, ലിങ്ക്‌സ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ അറിയിച്ചു. അതേസമയം, പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ബോയിംഗ് വിമാനങ്ങളൊന്നും പറത്തുന്നില്ലെന്ന് അറിയിച്ചു.
എയര്‍ കാനഡയുടെ ഫ്‌ളീറ്റില്‍ മാക്‌സ് വിമാനത്തിന്റെ ബോയിംഗ് 737-8 പതിപ്പിന്റെ 40 എണ്ണമുണ്ടെന്ന് എയര്‍ കാനഡ വക്താവ് വ്യക്തമാക്കി. മികച്ച സുരക്ഷാ റെക്കോര്‍ഡോടെ വളരെ വിശ്വസനീയമായി അവ സര്‍വീസ് നടത്തുന്നുണ്ടെന്നും അറിയിച്ചു.
അലാസ്‌ക എയര്‍ലൈന്‍സ് ജെറ്റ്‌ലൈനര്‍ ഓറിഗണില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വാതില്‍ തുറന്നുപോയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതാരാവുകയായിരുന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടാിരുന്നത്. ആര്‍ക്കും അപകടമില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.