അന്താരാഷ്ട്ര തൊഴിലാളികളെ നിയമിച്ച് സ്റ്റെല്ലാന്റിസ് 

By: 600002 On: Nov 21, 2023, 1:47 PM

 


വിന്‍ഡ്‌സറിലുള്ള പുതിയ സ്റ്റെല്ലാന്റിസ് ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണ പ്ലാന്റില്‍ അന്താരാഷ്ട്ര തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള താല്‍ക്കാലിക തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നാഷണല്‍ ഓട്ടോ വര്‍ക്കേഴ്‌സിനെ നിയമിക്കുന്നതിന് നികുതിദായകരുടെ വന്‍തോതിലുള്ള സബ്‌സിഡികള്‍ ഉപയോഗിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. 

10 വര്‍ഷത്തിനുള്ളില്‍ ലക്ഷകണക്കിന് ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളില്‍ നിന്ന് 15 ബില്യണ്‍ ഡോളര്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവുകള്‍ കമ്പനിക്ക് ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റെല്ലാന്റിസും എല്‍ജി എനര്‍ജി സൊല്യൂഷന്‍സും സംയുക്തമായി ആരംഭിച്ച പ്ലാന്റിന്റെ നിര്‍മാണെ സമ്മര്‍സീസണില്‍ പുനരാരംഭിക്കുകയായിരുന്നു. 

പ്ലാന്റ് നിര്‍മാണത്തിന്റെ ഭാഗമായി അടുത്ത വര്‍ഷം ആയിരത്തിലധികെ അന്താരാഷ്ട്ര തൊഴിലാളികള്‍ വിന്‍ഡ്‌സറില്‍ എത്തുമെന്ന സൂചന നല്‍കുന്നതാണ് ദക്ഷിണകൊറിയയില്‍ നിന്നുള്ള താല്‍ക്കാലിക തൊഴിലാളികളുടെ നിയമനം. ഇത് ഒരുപാട് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി സ്‌റ്റെല്ലാന്റിസുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്. അതേസമയം, ദക്ഷിണ കൊറിയയില്‍ നിന്നുള്ള അന്താരാഷ്ട്ര തൊഴിലാളികളെ കാനഡയുടെ താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിലേക്ക് ചേര്‍ക്കാനാകുമോയെന്ന് കമ്പനി നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.