വീടുകളുടെ വിതരണം വര്‍ധിപ്പിക്കാന്‍ എയര്‍ബിഎന്‍ബി പോലുള്ള ഹ്രസ്വകാല വാടക യൂണിറ്റുകള്‍ നിയന്ത്രിക്കും: ഹൗസിംഗ് മിനിസ്റ്റര്‍ 

By: 600002 On: Nov 21, 2023, 10:00 AM

 

 

ദീര്‍ഘകാലത്തേക്ക് വാടകയ്‌ക്കെടുക്കാന്‍ ലഭ്യമായ വീടുകളുടെ വിതരണം വര്‍ധിപ്പിക്കുന്നതിനായി എയര്‍ബിഎന്‍ബിയുടെയും മറ്റ് ഹ്രസ്വകാല വാടക യൂണിറ്റുകളുടെയും എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നതായി ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍ അറിയിച്ചു. അഫോര്‍ഡബിള്‍ വീടുകളുടെ രൂക്ഷമായ ക്ഷാമം നേരിടാന്‍ കൂടുതല്‍ ഭവന യൂണിറ്റുകള്‍ നിര്‍മിക്കാനും ധനസഹായം നല്‍കാനും സഹായിക്കുന്നതിനുള്ള ലിബറല്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് യൂണിറ്റുകളുടെ വ്യാപനത്തിനെതിരെയുള്ള കര്‍ശന നടപടിയെന്ന് ഫ്രേസര്‍ വ്യക്തമാക്കി. 

ഭവന നിര്‍മാണത്തിനുള്ള കുറഞ്ഞ ചെലവ് വായ്പകള്‍ ഉള്‍പ്പെടെ കടുത്ത ഭവന പ്രതിസന്ധിയെ നേരിടാന്‍ കാനഡയെ സഹായിക്കുന്നതിന് പുതിയ നടപടികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ദീര്‍ഘകാലത്തേക്ക് വാടക വീടെടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഹ്രസ്വകാല വാടക പ്ലാറ്റ്‌ഫോമുകളില്‍ നിലവിലുള്ള പ്രോപ്പര്‍ട്ടികള്‍ ലഭ്യമാക്കുക എന്നതാണ് വിതരണ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു മാര്‍ഗമെന്ന് ഫ്രേസര്‍ പറയുന്നു.

എയര്‍ബിഎന്‍ബി, VRBO പോലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കുന്നത് സാമ്പത്തികമായി ലാഭകരമല്ലെങ്കില്‍, പല ഉടമകളും പകരം അവരുടെ യൂണിറ്റുകള്‍ വില്‍ക്കുകയോ പ്രദേശവാസികള്‍ക്കും പുതുതായെത്തുന്നവര്‍ക്കും ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നുവെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.