ഈ വര്‍ഷം ആദ്യ പകുതിയില്‍ കനേഡിയന്‍ എംപിമാര്‍ യാത്രയ്ക്കായി ചെലവഴിച്ചത് 14.6 മില്യണ്‍ ഡോളര്‍ 

By: 600002 On: Nov 21, 2023, 9:29 AM

 


കാനഡയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രയ്ക്കായി ചെലവഴിച്ചത് 14.6 മില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് ഏകദേശം 10 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 1 നും ജൂണ്‍ 30 നും ഇടയില്‍ കാനഡയിലെ 338 എംപിമാര്‍ ജോലിക്കും നിയോജക മണ്ഡലുമായി ബന്ധപ്പെട്ട യാത്രകള്‍ക്കുമായി ശരാശരി 43,000 ഡോളറിലധികം ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുകയില്‍ വിമാനയാത്രാ ചെലവുകള്‍, താമസം, എംപിമാരുടെ കുടുംബങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നു. 

എന്നാല്‍, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെയും കാബിനറ്റ് അംഗങ്ങളുടെയും റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലുമുള്ള ഔദ്യോഗിക യാത്രയുടെ ചെലവ് ഇതില്‍ ഉള്‍പ്പെടുന്നില്ല. ഈ വര്‍ഷം മെയ് 4 നും സെപ്തംബര്‍ 21 നും ഇടയില്‍ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ജീവനക്കാരുടെയും വിമാനയാത്രയ്ക്കുള്ള ഇന്ധന, കാറ്ററിംഗ് ചെലവുകള്‍ 1.5 മില്യണ്‍ കവിഞ്ഞതായി കണ്ടെത്തിയിരുന്നു. 

എംപിമാരും മറ്റ് നേതാക്കളും ചെലവഴിച്ചത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്.