ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കം.

By: 600021 On: Nov 20, 2023, 4:41 PM

54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഗോവയിൽ തുടക്കം. വൈകിട്ട് ബാംബോലിമിലെ ശ്യാമ പ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഒൻപത് ദിവസങ്ങൾ നീളുന്ന പരിപാടി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ഉദ്ഘാടനം ചെയ്തു. 20 ശതമാനം വാർഷിക വളർച്ചാ നിരക്കുള്ള ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായം ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലുതും ആഗോളവൽക്കരിച്ചതുമായ വ്യവസായമായി വാഴ്ത്തപ്പെടുന്നുവെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ ഠാക്കൂർ പറഞ്ഞു.OTT സീരീസുകളിലെയും സിനിമകളിലെയും മികവിനെ അംഗീകരിക്കുന്നതിനായി IFFI ഈ വർഷം മുതൽ OTT അവാർഡുകൾ ആരംഭിച്ചതായി ഠാക്കൂർ പറഞ്ഞു. മികച്ച വെബ് സീരീസ് (OTT) അവാർഡിനായി 15 OTT പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 10 ഭാഷകളിലായി ആകെ 32 എൻട്രികൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.എല്ലാ വർഷവും ഐഎഫ്‌എഫ്‌ഐയ്‌ക്കൊപ്പം സംഘടിപ്പിക്കുന്ന ഫിലിം ബസാറും ശ്രീ താക്കൂർ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ചിത്രമായ 'ക്യാച്ചിംഗ് ഡസ്റ്റ്' ആയിരുന്നു ഈ വർഷത്തെ ഉദ്ഘാടന ചിത്രം.105 രാജ്യങ്ങളിൽ നിന്ന് 2926 എൻട്രികളാണ് ഇത്തവണ ഐഎഫ്എഫ്‌ഐക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയാണ്. 13 വേൾഡ് പ്രീമിയറുകൾ, 18 ഇന്റർനാഷണൽ പ്രീമിയറുകൾ, 62 ഏഷ്യ പ്രീമിയറുകൾ, 89 ഇന്ത്യ പ്രീമിയറുകൾ എന്നിവ ഇത്തവണ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 

വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഇതിഹാസ ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഈ മാസം 28ന് നടക്കുന്ന ഐഎഫ്‌എഫ്‌ഐയുടെ സമാപന ചടങ്ങിൽ സമ്മാനിക്കും. സിനിമാതാരങ്ങളായ മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, ശ്രിയ ശരൺ, നുഷ്രത്ത് ബറൂച്ച, പങ്കജ് ത്രിപാഠി, ശന്തനു മൊയ്ത്ര, ശ്രേയ ഘോഷാൽ, സുഖ്‌വീന്ദർ സിംഗ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി.ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുതിർന്ന നടി മാധുരി ദീക്ഷിതിന് ഭാരതീയ സിനിമാ അവാർഡിന് പ്രത്യേക അംഗീകാരം ലഭിച്ചു.