ഉത്തരാഖണ്ഡ് ടണൽ ദുരന്തം; ഡ്രില്ലിംഗ് പുനരാരംഭിച്ചു

By: 600021 On: Nov 19, 2023, 1:06 PM

ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന ടണൽ ഇടിഞ്ഞു വീണ് ഉണ്ടായ അപകടത്തിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായി ഡ്രില്ലിംഗ് പുനരാരംഭിച്ചു.ടണൽ മുഖത്ത് നിന്നുള്ള ഡ്രില്ലിംഗ് ആയിരിക്കും രക്ഷാദൗത്യത്തിന് കൂടുതൽ ഗുണം ചെയ്യുകയെന്നും ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി‌യും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചു. കഴിയാവുന്ന എല്ലാ സാങ്കേതിക വിദഗ്ധരെയും ഒന്നിച്ച് ചേർത്താണ് രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എത്രയും വേഗം ടണലിൽ അകപ്പെട്ട 40 പേരെയും പുറത്തെത്തിക്കുക എന്നതാണ് പ്രധാനമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ദുരന്തമേഖലയിൽ രക്ഷാദൗത്യം വിലയിരുത്തുന്നതിനായാണ് ഇരുവരും എത്തിയത്. ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ട് ആരംഭിച്ച ആദ്യഘട്ട രക്ഷാദൗത്യം പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് നിർത്തി വക്കുകയായിരുന്നു.