കാനഡയിലെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് റദ്ദാക്കിയ കോടതി വിധിയില്‍ സന്തുഷ്ടരാണെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. കനേഡിയന്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ വിഷാംശമുള്ളതായി കണക്കാക്കുന്ന കാബിനറ്റ് ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കിയിരുന്നു. എല്ലാ പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കളും ഹാനികരമാണെന്ന് പറയുന്നത് ന്യായമല്ലെന്ന് കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സ്‌ട്രോകള്‍, ഗ്രോസറി ബാഗുകള്‍, ടേക്ക്ഔട്ട് കണ്ടെയ്‌നറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തില്‍ മാറ്റം വരുത്താന്‍ കോടതിയുടെ തീരുമാനം ഇടയാക്കും. കോടതി ഉത്തരവ് അംഗീകരിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍ സര്‍ക്കാരുകള്‍ പ്രാരംഭ നിരോധനത്തിനെതിരെ പോരാടാന്‍ കോടതിയെ സമീപിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇരു പ്രവിശ്യകളും അഭിപ്രായപ്പെടുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും ഇറക്കുമതിയും നിരോധിക്കുന്നുണ്ടെങ്കിലും അവയുടെ വില്‍പ്പനയിലും കയറ്റുമതിയിലും പൂര്‍ണമായ നിരോധനം 2025 വരെ പ്രതീക്ഷിക്കുന്നില്ല.