ഒന്റാരിയോയില്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സിനുള്ള വേതനം മണിക്കൂറിന് 23.86 ഡോളറായി ഉയര്‍ത്തുന്നു 

By: 600002 On: Nov 17, 2023, 11:14 AM

 


ഒന്റാരിയോയിലെ ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സിനുള്ള വേതനം മണിക്കൂറില്‍ 23.86 ഡോളറായി ഉയര്‍ത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ക്ഷാമം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വേതന വര്‍ധനയെന്ന് എജ്യുക്കേഷന്‍ മിനിസ്റ്റര്‍ സ്റ്റീഫന്‍ ലെസ്സെ പറഞ്ഞു. പ്രവിശ്യയിലെ ലൈസന്‍സുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ അധ്യാപകരുടെ വേതനം ഇതനുസരിച്ച് വര്‍ധിക്കും. വര്‍ധന അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. 

വേതന നിരക്കിലെ വര്‍ധനയോടെ ഒന്റാരിയോയിലെ ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സിനുള്ള പ്രാരംഭ വേതനം കാനഡയിലെ ഏറ്റവും താഴ്ന്നതില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി. കിന്റര്‍ഗാര്‍ട്ടണ്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ വേതനത്തിന് തുല്യമാകും ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സിന്റെ വേതനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാഷണല്‍ ചൈല്‍ഡ് കെയര്‍ സിസ്റ്റത്തിന്റെ കീഴില്‍ 86,000 പുതിയ കേന്ദ്രങ്ങള്‍ 2026 ഓടെ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ പ്രവിശ്യയില്‍ 8,500 ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സിന്റെ കുറവുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഇത് നികത്താനാണ് വേതന വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.