ഖാലിസ്ഥാനി കൊലപാതകം; കാനഡയോട് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ

By: 600021 On: Nov 17, 2023, 10:18 AM

ഖാലിസ്ഥാൻ വിഘടനവാദിയെ കൊലപ്പെടുത്തിയതിൽ അന്വേഷണത്തെ ഇന്ത്യ തള്ളിക്കളയുന്നില്ലെന്നും ഇന്ത്യൻ സർക്കാരിൻ്റെ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള കാനഡയുടെ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ കാനഡയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ലണ്ടനിൽ 'ഒരു ബില്യൺ ആളുകൾ ലോകത്തെ എങ്ങനെ കാണുന്നു' എന്ന തലക്കെട്ടിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംഭാഷണത്തിനിടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഒന്നുമില്ല" എന്ന് ജയശങ്കർ പറഞ്ഞു. ട്രൂഡോയുടെ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച ജയശങ്കർ, തൻ്റെ കനേഡിയൻ കൌണ്ടർ മെലാനി ജോളിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും തങ്ങളുടെ കൈവശമുള്ള എന്തെങ്കിലും തെളിവുകൾ പങ്കിടാൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. അന്വേഷണം പരിഗണിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത എടുത്തുകാണിച്ചെങ്കിലും ഇതുവരെ തെളിവുകളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.