ആമസോണിന്റെ ആദ്യ കനേഡിയന്‍ വിന്‍ഡ് ഫാം പ്രൊജക്ട് ആല്‍ബെര്‍ട്ടയില്‍ 

By: 600002 On: Nov 17, 2023, 9:08 AM

 


ടെക് ഭീമന്‍ ആമസോണ്‍ ആദ്യ കനേഡിയന്‍ വിന്‍ഡ് ഫാം പ്രൊജക്ടിനായി നിക്ഷേപം നടത്തുന്നു. സതേണ്‍ ആല്‍ബെര്‍ട്ടയിലെ വോള്‍ക്കണ്‍ കൗണ്ടിയില്‍ നിര്‍മിക്കുന്ന 495 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് ഫാമിന്റെ നിര്‍മാണത്തിനായി ഡെവലപ്പറായ കോപ്പന്‍ഹേഗന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍മാരുമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്തിടെ കമ്പനിയുടെ ട്രാവേഴ്‌സ് സോളാര്‍ പ്രോജക്ട് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിന്‍ഡ് ഫാമിന്റെ പ്രഖ്യാപനം. ട്രാവേഴ്‌സ് സോളാര്‍ പ്രോജക്ട് കാനഡയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ സോളാര്‍ ഫാമാണ്. 

പുതിയ രണ്ട് പ്രോജക്ടുകളും ഫുള്‍ഫില്‍മെന്റ് സെന്റര്‍, സോര്‍ട്ടേഷന്‍ സെന്ററുകള്‍, ഡെലിവറി സ്‌റ്റേഷനുകള്‍, ആമസോണ്‍ വെബ് സര്‍വീസസ് ഡാറ്റ സെന്ററുകള്‍ തുടങ്ങിയ ആമസോണിന്റെ ആല്‍ബെര്‍ട്ടയിലെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് കമ്പനി പറയുന്നു. 

പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ്‌സ് എന്നറിയപ്പെടുന്ന ലോംഗ്-ടേം റിന്യൂവബിള്‍ ഇലക്ട്രിസിറ്റി കരാറുകള്‍ സ്വന്തമാക്കുന്നതിലൂടെ പാരിസ്ഥിതിക പ്രതിബദ്ധത കൈവരിക്കാന്‍ ശ്രമിക്കുന്ന വന്‍കിട കോര്‍പ്പറേഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ആമസോണ്‍. ആഗോളതലത്തില്‍ കമ്പനിക്ക് നിലവില്‍ 479 വിന്‍ഡ്, സോളാര്‍ പ്രോജക്ടുകളുണ്ട്.