മുസ്ലീമുകള്‍ക്ക് നേരെ വിദ്വേഷകുറ്റകൃത്യങ്ങള്‍: ദുരനുഭവം പങ്കുവെച്ച് ടൊറന്റോയിലെ ടാക്‌സി ഡ്രൈവര്‍ 

By: 600002 On: Nov 16, 2023, 1:38 PM

 


മുസ്ലീമാണോ എന്ന് ചോദിച്ചതിന് പിന്നാലെ തന്നെ അജ്ഞാത വ്യക്തി ആക്രമിച്ച സംഭവം വിവരിക്കുകയാണ് ടൊറന്റോയിലെ ടാക്‌സി ഡ്രൈവര്‍. മുസ്ലിം വിരുദ്ധത വ്യാപിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറയുന്നു. മുസ്ലീം നാമധാരിയായ താന്‍ നേരിട്ടത് അങ്ങേയറ്റം ഭീകരമായ അനുഭവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടു കൂടി ഫ്രണ്ട് ആന്‍ഡ് യോംഗ് സ്ട്രീറ്റ്‌സില്‍ റെഡ് ലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഡ്രൈവറെ തടഞ്ഞുനിര്‍ത്തിയാണ് അക്രമം കാണിച്ചത്. ഡ്രൈവര്‍ മുസ്ലിമാണോയെന്ന് ചോദിച്ചറിഞ്ഞ അക്രമി ഡ്രൈവറുടെ കണ്ണിലേക്ക് എന്തോ രാസവസ്തു തളിക്കുകയായിരുന്നു. 

സംഭവം നടന്ന ഉടന്‍ തന്നെ ഡ്രൈവര്‍ 911 ല്‍ വിളിച്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ഡ്രൈവറെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.