വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം കനേഡിയന്‍ പൗരന്മാരുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ട്രൂഡോ സര്‍ക്കാരില്‍ കാനഡയിലെ 50 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തിയതായി ലെഗര്‍ പോളില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മൂന്ന് പേരില്‍ ഒരാള്‍, ട്രൂഡോ രാജിവെക്കണമെന്ന് ആഗ്രഹിക്കുകയും അദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാള്‍ അദ്ദേഹത്തെ മടുത്തതായും പ്രതികരിച്ചു. രാജ്യത്തുടനീളമുള്ള ഭവന പ്രതിസന്ധിയും ഉയരുന്ന പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവയും ജസ്റ്റിന്‍ ട്രൂഡോ രാജി വെക്കണമെന്ന് ആഗ്രഹിക്കുന്നതിന് കാരണമാകുന്നു. ഉയരുന്ന ഭവന വിലയും പണപ്പെരുപ്പവും മുതല്‍ ആരോഗ്യ സംരക്ഷണം, സര്‍ക്കാര്‍ ചെലവുകള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങി എല്ലാ കാര്യങ്ങളിലും ലിബറല്‍ സര്‍ക്കാരിനോടുള്ള വ്യാപകമായ അതൃപ്തി ജനങ്ങള്‍ പ്രകടിപ്പിക്കുന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നു.