ഉയരുന്ന ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവും നേരിടാന്‍ കാനഡയിലെ ഗ്രോസറി മേഖലയില്‍ കൂടുതല്‍ മത്സരം ആവശ്യമാണെന്ന് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. ഗ്രോസറി വില സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നതിന് വിപണിയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും ക്യുബെക്കിലെ മസ്‌കൗച്ചില്‍ വാര്‍ത്താസമ്മേളനത്തില്‍ ഫ്രീലാന്‍ഡ് അറിയിച്ചു.
അതേസമയം, കനേഡിയന്‍ ജനത പണം ലാഭിക്കാന്‍ തങ്ങളുടെ സ്റ്റോറുകളെ ഡിസ്‌കൗണ്ട് ബാനറുകളാക്കി മാറ്റുകയാണെന്നും സ്വകാര്യ-ലേബല്‍ ബ്രാന്‍ഡുകളില്‍ ഉയര്‍ന്ന വില്‍പ്പന കണ്ടുവരുന്നതായും രാജ്യത്തെ രണ്ട് പ്രധാന ഗ്രോസറി കമ്പനികളായ ലോബ്ലോയും മെട്രോയും പറയുന്നു.
രണ്ട് മാസം മുമ്പ് ഫെഡറല്‍ സര്‍ക്കാര്‍ കാനഡയിലെ പ്രധാന കമ്പനികളോട് വില സ്ഥിരപ്പെടുത്തുന്നതിനുള്ള പദ്ധതി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ലോബ്ലോവ്, മെട്രോ, എംപയര്‍, വാള്‍മാര്‍ട്ട്, കോസ്റ്റ്‌കോ തുടങ്ങിയ കാനഡയിലെ ഗ്രോസറി കമ്പനികള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വില സ്ഥിരപ്പെടുത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ അവതരിപ്പിച്ചതായി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ ഫ്രാന്‍സ്വേ ഫിലിപ്പ് ഷാംപെയ്ന്‍ പ്രഖ്യാപിച്ചു.