തട്ടിപ്പ് കോളുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ട്രായ്

By: 600021 On: Nov 16, 2023, 6:54 AM

ട്രായ് എന്ന പേരിൽ അയക്കുന്ന സന്ദേശങ്ങൾ സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അഭ്യർത്ഥിച്ചു. ഒരു വ്യക്തിഗത ടെലികോം ഉപഭോക്താവിൻ്റെയും മൊബൈൽ നമ്പർ ട്രായ് തടയുകയോ വിച്ഛേദിക്കുകയോ ചെയ്യുന്നില്ലെന്ന് ടെലികോം ബോഡി ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുന്നതിനായി ട്രായ് ഒരിക്കലും സന്ദേശങ്ങളൊന്നും അയക്കുകയോ വിളിക്കുകയോ ചെയ്യില്ല. ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപഭോക്താക്കളെ ബന്ധപ്പെടാൻ ഒരു ഏജൻസിക്കും അധികാരം നൽകിയിട്ടില്ലെന്നും അത്തരം കോളുകളെല്ലാം വഞ്ചനാപരമാണെന്നും ട്രായ് പറഞ്ഞു. ട്രായിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതൊരു കോളും സന്ദേശവും വഞ്ചനാപരമായേക്കാവുന്നതായി കണക്കാക്കണമെന്ന് മുന്നറിയിപ്പ് നൽകി. ട്രായിയുടെ ശ്രദ്ധയിൽപ്പെട്ട നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ചില കമ്പനികളും ഏജൻസികളും വ്യക്തികളും ട്രായിയുടെ പേരിൽ ഉപഭോക്താക്കളെ വഞ്ചനാപരമായി വിളിക്കുകയും, ആവശ്യപ്പെടാത്ത സന്ദേശങ്ങൾ അയയ്‌ക്കാൻ ഈ നമ്പറുകൾ ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ വിച്ഛേദിക്കപ്പെടുമെന്ന് പറയുകയും സിം കാർഡുകൾ ലഭിക്കുന്നതിന് പൊതുജനങ്ങളുടെ ആധാർ നമ്പറുകൾ ഉപയോഗിച്ചതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും ഈ കമ്പനികളും ഏജൻസികളും വ്യക്തികളും അറിയിക്കുകായും ചെയ്ത സാഹചര്യത്തിലാണ് ട്രായുടെ മുന്നറിയിപ്പ്. ഈ കമ്പനികളും ഏജൻസികളും വ്യക്തികളും മൊബൈൽ നമ്പറുകൾ വിച്ഛേദിക്കാതിരിക്കാൻ സ്‌കൈപ്പ് വീഡിയോ കോളിൽ വരാൻ പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ട്രായ് പറഞ്ഞു. ബാധിക്കപ്പെട്ട വ്യക്തികൾക്ക് അവരുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിൻ്റെ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെട്ട സേവന ദാതാക്കളുമായി വിഷയം കൈകാര്യം ചെയ്യാമെന്ന് ട്രായ് അറിയിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ cybercrime.gov.in ഉപയോഗിച്ച് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും ട്രായ് അറിയിച്ചു. അല്ലെങ്കിൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ വിളിക്കാവുന്നതാണ്.