ടൊറന്റോയില്‍ പത്തില്‍ ഒരാള്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Nov 15, 2023, 12:08 PM

 

 

ടൊറന്റോയില്‍ പത്ത് പേരില്‍ ഒരാള്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. ടൊറന്റോ ആസ്ഥാനമായുള്ള ഡെയ്‌ലി ബ്രെഡ് ഫുഡ് ബാങ്കും നോര്‍ത്ത് യോര്‍ക്ക് ഹാര്‍വെസ്റ്റ് ഫുഡ് ബാങ്കും ചേര്‍ന്ന് 'ഹൂസ് ഹംഗ്രി' എന്ന തലക്കെട്ടിലുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുതിച്ചുയരുന്ന ഭവന വില, ഭക്ഷ്യ വിലക്കയറ്റം, വേതന വിതരണ തടസ്സം എന്നിവ കൂടുതല്‍ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ഭക്ഷണത്തിനായി കൂടുതല്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കാന്‍ തുടങ്ങുന്നു. 

റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം ടൊറന്റോയില്‍ 2.53 മില്യണ്‍ ആളുകള്‍ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിച്ചിട്ടുണ്ട്. ടൊറന്റോയില്‍ മാത്രം ഈ വര്‍ഷം ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 154 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കുതിപ്പാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, കാനഡയില്‍ കഴിഞ്ഞ വര്‍ഷം 18 ശതമാനം കുടുംബങ്ങള്‍ 12 മാസത്തിനുള്ളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 24 ശതമാനം വര്‍ധനയോടെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലാണ്. ന്യൂബ്രണ്‍സ് വിക്ക്, ആല്‍ബെര്‍ട്ട എന്നീ പ്രവിശ്യകളാണ് പിന്നാലെ, 22 ശതമാനം. 

ഭക്ഷ്യ അരക്ഷിതാവസ്ഥ കുറഞ്ഞ പ്രവിശ്യകള്‍ ക്യുബെക്കും( 14 ശതമാനം), ബ്രിട്ടീഷ് കൊളംബിയയും(17 ശതമാനം) ആണ്.