കാനഡയില്‍ നിക്കോട്ടിന്‍ പൗച്ചുകളുടെ ലഭ്യത നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സംഘടനകള്‍ 

By: 600002 On: Nov 15, 2023, 9:46 AM

 

 

 

കാനഡയില്‍ യുവാക്കളിലും കുട്ടികളിലും ദോഷമുണ്ടാക്കുന്ന നിക്കോട്ടിന്‍ പൗച്ചുകളുടെ ലഭ്യത നിയന്ത്രിക്കാന്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട് ആരോഗ്യ സംഘടനകള്‍ രംഗത്ത്. നിക്കോട്ടിന്‍ പൗച്ചുകള്‍ വിപണിയില്‍ സജീവമാകുന്നതില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള കാനഡയിലെ ആരോഗ്യ സംഘടനകള്‍ നിക്കോട്ടിന്‍ പൗച്ചുകളുടെ ലഭ്യത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇവ നിരോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആക്ഷണ്‍ ഓണ്‍ സ്‌മോക്കിംഗ് ആന്‍ഡ് ഹെല്‍ത്ത്, കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി, കനേഡിയന്‍ ലംഗ് അസോസിയേഷന്‍, ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ തുടങ്ങിയ ആരോഗ്യ സംഘടനകള്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ഹോളണ്ട്, മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷന്‍സ് മിനിസ്റ്റര്‍ യയാര സാക്‌സില്‍ എന്നിവരോട് ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 12 ന് ഇംപീരിയല്‍ ടുബാക്കോയുടെ സുഗന്ധമുള്ള നിക്കോട്ടിന്‍ പൗച്ചുകള്‍ സോണിക്ക് എന്ന പേരില്‍ വില്‍ക്കുന്നതിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയിരുന്നു. ശരീരത്തില്‍ നിക്കോട്ടിന്‍ എത്തിച്ച് പുകവലി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പൗച്ചാണ് ഉല്‍പ്പന്നമെന്ന് ഇംപീരിയല്‍ ടുബാക്കോ അവകാശപ്പെടുന്നു. എന്നാല്‍, സിഗരറ്റ് വലിക്കുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ കുട്ടികള്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അടിമപ്പെടാനുള്ള അപകടസാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ട്രോപിക് ബ്രീസ്, ചില്‍ മിന്റ്, ബെറി ഫ്രോസ്റ്റ് തുടങ്ങി നിരവധി രുചികളിലുള്ള നിക്കോട്ടിന്‍ പൗച്ചുകള്‍ യുവാക്കളെ ആകര്‍ഷിക്കുന്നു. യുവാക്കള്‍ നിക്കോട്ടിന്‍ ആസക്തിയില്‍ വീഴുമെന്നതാണ് ഇതിന്റെ വിനാശകരമായ ഫലമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നിക്കോട്ടിന്‍ വളരെ ആസക്തിയുള്ള മരുന്നാണ്. നിക്കോട്ടിന്‍ ഉല്‍പ്പന്നം വിപണിയില്‍ അനുവദിക്കുന്നതിന് മുമ്പ് മതിയായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് കനേഡിയന്‍ ലംഗ് അസോസിയേഷന്‍ പ്രസിഡന്റ് ടെറി ഡീന്‍ പറഞ്ഞു. മറ്റ് പുകയില കമ്പനികളും ഇത്തരം നിക്കോട്ടിന്‍ പൗച്ചുകള്‍ വിപണിയില്‍ ഇറക്കാന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.