സോഷ്യല്‍മീഡിയകളിലെ ഫുഡ് ബാങ്ക് വീഡിയോ: മലയാളി യൂട്യൂബര്‍മാര്‍ തെറ്റിദ്ധാരണ പരത്തുന്നതായി വിമര്‍ശനം

By: 600002 On: Nov 14, 2023, 10:57 AM

 

 

ഫുഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതായി വിമര്‍ശനം. ഫുഡ് ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന കൃത്യമായ വിവരങ്ങള്‍ നല്‍കാതെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍, പ്രത്യോകിച്ച് മലയാളി യൂട്യൂബര്‍മാരുടെ വീഡിയോകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒന്റാരിയോ അടക്കമുള്ള പ്രവിശ്യകളിലെ ഫുഡ് ബാങ്കുകള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിച്ചതായി കനേഡിയന്‍ ഫുഡ് ബാങ്ക്‌സ് അധികൃതര്‍ പറയുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഫുഡ് ബാങ്കുകളില്‍ എല്ലാവര്‍ക്കും സൗജന്യമാണെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇവര്‍ വീഡിയോകളിലൂടെ പുറത്തുവിടുന്നത്. 

ഒന്റാരിയോ ലണ്ടനില്‍ ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനവാണ് ഈ അധ്യയന വര്‍ഷം ആരംഭിച്ചതിന് ശേഷമുണ്ടായിരിക്കുന്നതെന്ന് ലണ്ടന്‍ ഫുഡ് ബാങ്ക് കോ-എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗ്ലെന്‍ പിയേഴ്‌സണ്‍ പറയുന്നു. ഫുഡ് ബാങ്ക് സന്ദര്‍ശിക്കുന്ന പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫുഡ് ബാങ്ക് ഉപയോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ടതാണ്. ഇതില്‍ നിന്നും പലരും ലണ്ടന്‍ ഫാന്‍ഷാവെ കോളേജിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണെന്ന് ജീവനക്കാര്‍ ശ്രദ്ധിച്ചു. കാര്യം അന്വേഷിച്ചപ്പോഴാണ് തെറ്റിദ്ധാരണ പടര്‍ത്തുന്ന വീഡിയോയെ തുടര്‍ന്നാണ് ഫുഡ് ബാങ്കുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടായിരിക്കുന്നത്. 

ഫുഡ് ബാങ്ക് റിസോഴ്‌സുകള്‍ എന്താണെന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാവുമെങ്കിലും നിയമപരമായി പിന്തുണ ആവശ്യമുള്ള നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുണ്ടെന്ന് പിയേഴ്‌സണ്‍ പറയുന്നു.