പ്രതിരോധ മേഖലയിലെ വലിയ ആഗോള പങ്കാളിയായി ഇന്ത്യ അതിവേഗം വളർന്നു വരികയാണെന്നും സുരക്ഷാ സേനയുടെ കഴിവുകൾ നിരന്തരം ഉയർന്നു വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ലെപ്‌ചയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കപ്പെടുകയും രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുകയും ചെയ്യുന്നതിൽ നമ്മുടെ സൈനികർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും നമ്മുടെ ധീരഹൃദയന്മാർ ഹിമാലയം പോലെ അതിർത്തികളിൽ നിൽക്കുന്നതുവരെ ഇന്ത്യ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഈ ധീരന്മാർ നിരവധി യുദ്ധങ്ങൾ നടത്തി രാജ്യത്തിൻ്റെ ഹൃദയം കീഴടക്കിയെന്ന് മോദി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും നമ്മുടെ ജവാൻമാർ വിജയം തട്ടിയെടുത്തുവെന്നും ഇന്ത്യൻ സൈനികർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി എപ്പോഴും മുന്നോട്ട് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ ഏറ്റവും ശക്തമായ മതിൽ തങ്ങളാണെന്ന് ഇവർ എല്ലായ്‌പ്പോഴും തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ഒഴിപ്പിക്കലുകളിലും മറ്റ് ദുരന്തങ്ങളിലും സായുധ സേന വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ലെപ്ചയിലാണ് മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്.